ജില്ലയിൽ ചെങ്കണ്ണ് ബാധിതരുടെ എണ്ണം കൂടുന്നു; ശ്രദ്ധവേണം കണ്ണിമ ചിമ്മാതെ
കാസർകോട് : ജില്ലയുടെ തെക്കൻ മേഖലകളിൽ ചെങ്കണ്ണ് ബാധിതരുടെ എണ്ണം കൂടുന്നു. കൂടുതലായും കുട്ടികളിലാണ് ‘അഡീനോ വൈറസ്’ ഇനത്തിൽപ്പെടുന്ന രോഗത്തെതുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയത്. ഒരാഴ്‌ചക്കുള്ളിൽ നീലേശ്വരം നഗരസഭയിലും
ചെറുവത്തൂർ, കയ്യൂർ–- ചീമേനി, പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായത്തുകളിലായി മുന്നൂറോളം പേർ ചികിത്സതേടി. പകുതിയിലേറെയും വിദ്യാർഥികളാണ്.
സ്‌കൂളുകളിൽ പാദവാർഷിക പരീക്ഷനടക്കുന്നതിനാൽ ചെങ്കണ്ണുള്ളവർക്ക് പ്രത്യേക സൗകര്യം ഏർപ്പാടാക്കി. ബാക്ടീരിയയും ചെങ്കണ്ണിനു കാരണമാകാമെങ്കിലും വൈറസ് മൂലമുള്ള രോഗമാണ് വ്യാപിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പംപടരാം. ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ആവശ്യമാണ്. ആന്റിബയോട്ടിക്കുകളാണ് സാധാരണ നൽകിവരുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രോഗത്തിനു തീവ്രത കൂടുതലാണെന്ന് രോഗം പിടിപെട്ടവർ പറയുന്നു.
ലക്ഷണങ്ങൾ.
രോഗത്തിന്റെ തീവ്രത വർധിച്ചാൽ കൺപോളയുടെ ഉൾഭാഗത്ത് പാട രൂപപ്പെടും. കണ്ണുകളിൽ ചുവപ്പുനിറവും കൺപോളകളിൽ നീരും തടിപ്പും ഉണ്ടാകും. ചൊറിച്ചിലും വെളിച്ചം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥതയുമുണ്ടാകും. കാഴ്ചയെ സാരമായി ബാധിക്കാറില്ലെങ്കിലും ചിലപ്പോളിത് കൃഷ്ണമണിയെ ബാധിച്ച് കിറാറ്റോകൺജക്ടിവിടിസ് ( keratoconjunctivitis’ എന്ന രോഗാവസ്ഥയുണ്ടാക്കാറുണ്ട്. ഇതുമൂലം കൃഷ്ണമണിയിൽ കലകൾ വീഴുകയും വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗാവസ്ഥ ഉണ്ടാവുകയും ചെയ്യാം. ലക്ഷണം കണ്ടാലുടൻ നേത്രരോഗ വിദഗ്‌ധന്റെ നിർദേശപ്രകാരം ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ഓയിൽമെന്റും കൃത്യമായ കാലയളവിൽ ഉപയോഗിക്കണം.
No comments