Breaking News

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ


തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും. ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു.


ഈ വര്‍ഷത്തെ ഓണച്ചെലവുകള്‍ക്കായി കടമെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. 2000 കോടിരൂപ കടമെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെയുള്ള കടമെടുപ്പ് 18500 കോടിരൂപയാകും. ഓണം കഴിയുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. സർക്കാർ കഴിഞ്ഞ ആഴ്ചയിലും 1000 കോടിരൂപ കടമെടുത്തിരുന്നു. 2000 കോടി കടമെടുക്കാന്‍ റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം ഈ മാസം 22ന് നടക്കും.


ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ വിതരണം ചെയ്യുന്നതിനായി 680 കോടിരൂപ ആവശ്യമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയതുപോലെ ആനൂകൂല്യങ്ങള്‍ നല്‍കണം. കൂടാതെ മറ്റു ക്ഷേമ പദ്ധതികളില്‍ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാനുണ്ട്. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.

No comments