Breaking News

ജില്ലയിലെ പോളിടെക്‌നിക്ക് കോളേജുകളിലേക്കും റെഗുലർ എൻജിനീയറിങ്‌ ഡിപ്ലോമ പ്രവേശനത്തിനുളള സ്‌പോട്ട് അഡ്മിഷൻ പെരിയ ഗവ.പോളിടെക്‌നിക്കിൽ നടത്തും




കാസർകോട്‌ : ജില്ലയിലെ എല്ലാ പോളിടെക്‌നിക്ക് കോളേജുകളിലേക്കും റെഗുലർ എൻജിനീയറിങ്‌ ഡിപ്ലോമ പ്രവേശനത്തിനുളള സ്‌പോട്ട് അഡ്മിഷൻ വെള്ളി, ശനി ദിവസങ്ങളിൽ പെരിയ ഗവ.പോളിടെക്‌നിക്കിൽ നടത്തും. ഇതിന് സ്ട്രീം ഒന്ന് റാങ്കാണ് പരിഗണിക്കുന്നത്.
വെള്ളിയാഴ്‌ച നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ 25000 റാങ്ക് വരെയുളള എല്ലാവർക്കും, കൂടാതെ റാങ്ക് പരിഗണനയില്ലാതെ ടിഎച്ച്എസ്എൽസി, അംഗപരിമിതർ, കുടുംബി, കുശവ, അനാഥർ, ലാറ്റിൻ കാത്തോലിക്, മറ്റ് പിന്നാക്ക കൃസ്ത്യൻ, ധീവര എന്നി വിഭാഗത്തിൽ നിന്നും രജിസ്റ്റർ ചെയ്ത എല്ലാവർക്കും പങ്കെടുക്കാം.
ശനിയാഴ്ച നടത്തുന്ന സ്‌പോട്ട് അഡ്മിഷന് റാങ്കുളള അതത് വിഭാഗക്കാർക്ക് പങ്കെടുക്കാം. രാവിലെ പത്തിനകം രജിസ്റ്റർ ചെയ്യണം. മുസ്ലിം 53000 വരെ, ഈഴവ 42000 വരെ, മറ്റ് പിന്നാക്ക ഹിന്ദു 50000 വരെ, പട്ടിക വർഗ്ഗം 40000 വരെ, പട്ടിക ജാതി റാങ്ക് ലിസ്റ്റിൽ ഉളള എല്ലാവരും, മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണമുളളവർ (ഇഡബ്ല്യുഎസ്) 63000 വരെ, വിശ്വകർമ 36000 വരെ വിഎച്ച്എസ്‌സി 40000 വരെ.
സ്ട്രീം രണ്ടിലെ റാങ്ക് പ്രകാരം തൃക്കരിപ്പൂർ ഗവ.പോളിടെക്‌നിക്കിലെ സിഎബിഎം (കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ബിസിനസ് മാനേജ്‌മെന്റ്) കോഴ്‌സിലേക്ക് മാത്രമുളള പ്രവേശനം 21ന് തൃക്കരിപ്പൂർ ഗവ.പോളിടെക്‌നിക്ക് കോളേജിൽ നടത്തും. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും പങ്കെടുക്കാം. രാവിലെ പത്തിനകം പേര് രജിസ്റ്റർ ചെയ്യണം. റാങ്ക് ക്രമത്തിൽ സംവരണ തത്വം പാലിച്ചുകൊണ്ടായിരിക്കും ഒഴിവുളള സീറ്റിലേക്ക് പ്രവേശനം നൽകുക. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖ ഹാജരാക്കണം. മുമ്പ് പ്രവേശനം നേടിയശേഷം സ്ഥാപനമോ ബ്രാഞ്ചോ മാറണമെങ്കിൽ ഫീസ് അടച്ച് രസീതും, പ്രവേശന സ്ലിപ്പും ഹാജരാക്കണം. ജാതി സംവരണവും ഫീസ് ആനുകൂല്യവും വേണ്ടവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫീസ് ആനുകൂല്യത്തിന് അർഹതയുളളവർ ഏകദേശം 4500 രൂപയും മറ്റുളളവർ 7500 രൂപയും കരുതണം. വിവരങ്ങൾക്ക് ഫോൺ: 7907729911, 9497606964, 9495373926.


No comments