Breaking News

കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ ഉണ്ടായ കല്ലേറിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നുപേർ പിടിയിൽ


കണ്ണൂർ: കണ്ണൂരിൽ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളി‌ൽ മൂന്നു പേർ പിടിയിൽ. ആഗസ്റ്റ് 16 ന് വന്ദേ ഭാരതിനു നേരെയും ഇന്ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിനു നേരെയുമുണ്ടായ കല്ലേറിലെ പ്രതികളാണ് പിടിയിലായത്. കണ്ണൂരിൽ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളിൽ റെയിൽവെയും പോലീസും അന്വേഷണം ഊർജ്ജിതമാക്കിയതിനു പിന്നാലെയാണ് കൂടുതൽ പേർ പിടിയിലാകുന്നത്.
ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ പ്രതി മാഹിയിൽ വച്ചാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. തലശ്ശേരി കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്ന് തലശ്ശേരി സ്റ്റേഷനിാലയിരുന്നു മാറ്റൊരു സംഭവം. രാവിലെ 10.30 -ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്സ്പ്രസിനു നേരെയും കല്ലേറുണ്ടായി.

ട്രെയിനിൽ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂർ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തർക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസിൽ മൊയ്തുവിനു നേരെയെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്നും പിടികൂടിയ ഇവരെ ആർപിഎഫിനു കൈമാറി.




സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.

കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്.

No comments