Breaking News

വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസുകാരുടെ അനാസ്ഥ അന്വേഷിക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്‍




കാസർകോട്: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസുകാരുടെ അനാസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ആവേശ തള്ളിച്ചയിൽ സ്ഥലകാലബോധമില്ലാത്ത ചില പൊലീസുകാര്‍ കാട്ടിക്കൂട്ടിയ പരാക്രമത്തില്‍ ഒരു സാധു വിദ്യാർത്ഥിയുടെ ജീവനാണ് നഷ്ടപ്പെട്ടത്. അനാസ്ഥ കാണിച്ച കുമ്പള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമം തെറ്റിക്കുന്ന അവസ്ഥ നാട്ടിൽ ഉണ്ടാകാന്‍ പാടില്ല. വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പറഞ്ഞു.


അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസാണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ വാഹനം പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോകുകയുമായിരുന്നു. എന്നാല്‍ പൊലീസ് വാഹനം കാറിനെ പിന്തുടരുകയായിരുന്നുവെന്നും കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ച് കാര്‍ അപകടത്തില്‍ പെടുകയും വാഹനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നുവെന്നുമാണ് ആരോപണം. പൊലീസ് പിന്തുടര്‍ന്നതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

No comments