Breaking News

പൂവല്ല, പൂന്തളിരല്ല. തിമിരി സ്വദേശി മരത്തിൽ ഒരുക്കിയ പൂക്കളം വിസ്മയമാവുന്നു ...


ചെറുവത്തൂർ : രവിവർമ ചിത്രത്തിന്റെ അതിഭാവമില്ലെങ്കിലും പെരുന്തച്ചന്റെ കൈവിരൽ സ്‌പർശം പോലൊന്ന്‌ ഇവിടെയുണ്ട്‌. തിമിരി കുതിരുംചാലിലെ വി വി ചന്ദ്രൻ ആചാരി മരത്തിൽ ഒരുക്കിയ പൂക്കളുടെ രൂപമാണിത്‌. മരക്കഷണങ്ങളിൽ കൊത്തിയെടുത്ത പൂക്കളം ആരെയും ആകർഷിക്കും. കല്ലിനും സംഗീതവും സൗന്ദര്യവും ഉണ്ടെന്ന്‌ പറഞ്ഞ പെരുന്തച്ചന്‌ പിന്നാലെ മരക്കഷണത്തിലും സൗന്ദര്യവും സംഗീതവും ഉണ്ടെന്ന്‌ തെളിയിക്കുന്ന സുന്ദര പൂക്കളമാണ്‌ മരക്കഷണങ്ങൾ കൊണ്ട്‌ ഒരുക്കിയത്‌.
ജോലി ചെയ്യുന്നതിനിടെ ബാക്കിവരുന്ന മരക്കഷണം കൊണ്ടാണ്‌ പൂക്കളം തീർത്തത്‌. മരക്കഷണങ്ങളുടെ തനിമ ചോരാതെ അവയെ ഉളികൊണ്ട്‌ പൂവിന്റെ മാതൃകയിലാക്കി വിവിധ മരപ്പൊടികളും ചേർത്ത്‌ തനിമ നഷ്ടപ്പെടാതെയുണ്ടാക്കിയ പൂക്കളം കണ്ടാൽ ആരുമൊന്നും മതിമറന്നുപോകും. അത്രമേൽ സുന്ദരമായാണ്‌ ഇവ ചേർത്തുവച്ചത്‌. സൂര്യകാന്തിയും വാടാർമല്ലിലും തുമ്പയും ചെന്താമരയുമൊക്കെ തനിമയോടെ കൊത്തിവച്ചിരിക്കുന്നു. പൂവിൽനിന്നും തേൻ നുകരുന്ന പൂമ്പാറ്റയും മാവേലിക്കുടയും പൂക്കളത്തിൽ ഉണ്ട്‌. മരത്തിൽ കൊത്തിയ നിലവിളക്കും ഓണക്കിണ്ടിയും ഈ പൂക്കളത്തിനൊപ്പം ചേരുമ്പോൾ മരക്കഷണത്തിൽ തീർത്ത പൂക്കളത്തിന്റെ ചന്തം വർണിക്കാൻ പറ്റാത്തതായി.


No comments