Breaking News

'ജാഗ്രത പാലിക്കുക'; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശവുമായി വിദേശകാര്യ മന്ത്രാലയം




ന്യൂഡൽഹി: കാനഡയിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രത നിർദേശം പുറത്ത് ഇറക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കണം എന്നാണ് മന്ത്രാലയം നിർദേശിച്ചത്. ഖലിസ്ഥാൻ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.


'ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കാനഡയില്‍ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു' കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനും കോൺസുലേറ്റ് ജനറലും കനേഡിയൻ അധികൃതരുമായി ബന്ധപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.


ഇന്ത്യൻ പൗരന്മാരും കാനഡയിലുള്ള ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ അതത് വെബ്‌സൈറ്റുകളിലൂടെയോ 'MADAD' പോർട്ടലിലൂടെയോ നിര്‍ബന്ധമായും രജിസ്റ്റർ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും അടിയന്തര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.


ഇന്ത്യക്കെതിരെ രൂക്ഷമായ ആരോപണമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഏജന്‍റെന്നും വിളിച്ചു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കവെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.


'കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഏതെങ്കിലും വിദേശ ഗവൺമെന്റിന്റെ പങ്കാളിത്തം തെളിഞ്ഞാൽ അത് നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണ്. തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങൾ സ്വയം പെരുമാറുന്ന അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണ്,' ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെൻ്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.

No comments