Breaking News

മക്കൂട്ടം ചുരത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം


മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തിൽ വീരാജ് പേട്ട പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വീരാജ് പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘത്തെയാണ് മടിക്കേരി എസ് പി നിയോഗിച്ചത്. മൃതദേഹം മടിക്കേരി ഗവ.മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി.

കർണ്ണാടകത്തിലെ കുടക്, മൈസൂരു ജില്ലകളിൽ നിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവിരങ്ങൾ പോലീസ് അന്വോഷിച്ചു വരികയാണ്. മടിക്കേരി ജില്ലയിൽ മാത്രം നാലു പേർ ഒരു മാസത്തിനുളളിൽ കാണാതായിട്ടുണ്ടെന്നാണ് ലഭിച്ച വിവരം . എന്നാൽ ഇവരുടെ ബന്ധുക്കളാരും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയിട്ടില്ല. കേരളത്തിൽ നിന്നും പ്രത്യേകിച്ച് കണ്ണൂർ, കാസർക്കോട്, കോഴിക്കോട് മേഖലയിൽ നിന്നും കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. രണ്ടാഴ്ച്ചക്കിടയിൽ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ യുവതിയുടെബന്ധുക്കൾ മടിക്കേരിയിൽ എത്തി മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് ഇവർ മടങ്ങി. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാനുള്ള സാധ്യതയും വിരളമാണ്. എന്നാൽ ഡി എൻ എ പരിശോധന നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

രണ്ടാഴ്ച്ചക്കിടയിൽ മാക്കൂട്ടം- ചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവര ശേഖരണവും പോലീസ് ആരംഭിച്ചു. പെരുമ്പാടി ചെക്ക് പോസ്റ്റ് വിട്ടാൽ ചുരം റോഡിൽ എവിടേയും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല. പെരുമ്പാടിയിൽ നിന്നും മാക്കൂട്ടത്തേക്കും മാക്കൂട്ടത്തുനിന്നും പെരുമ്പാടിയിലേക്കും എത്താനുള്ള കുറഞ്ഞും കൂടിയതുമായ സമയം കണക്കാക്കിയുള്ള വാഹന പരിശോധനയും ആരംഭിച്ചു. ചുരം റോഡിൽ അസ്വഭാവികമായ നിലയിൽ നിർത്തിയിട്ട വാഹനങ്ങളെക്കുറിച്ച് ദൃക്‌സാക്ഷി വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

പെരുമ്പാടി ചെക്ക് പോസ്റ്റിൽനിന്നും മൂന്ന് കിലോമീറ്റർ അകലേയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും 15 കിലോമീറ്റർ അകലെയാണ്. അതുകൊണ്ട് തന്നെ വീരാജ് പേട്ട, ഗോണിക്കുപ്പഭാഗങ്ങളിൽ മൃതദേഹവുമായി എത്താനുള്ള സാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് പോലീസ്.

No comments