Breaking News

ജില്ലാ ആശുപത്രിയിൽ പേസ്മേക്കർ ഇംപ്ലാന്റ് ചികിത്സ നടത്തി


കാഞ്ഞങ്ങാട് : ചെമ്മട്ടംവയലിലെ ജില്ലാആശുപത്രിയിൽ എഴുപത്തിയഞ്ചുകാരിക്ക്‌ പേസ്‍മേക്കർ ചികിത്സ. ആറങ്ങാടി സ്വദേശിനിക്കാണ് കഴിഞ്ഞ ബുധനാഴ്ച പേസ്‍മേക്കർ ഇംപ്ലാന്റ് ചികിത്സ ചികിത്സ ലഭ്യമാക്കിയത്. സർക്കാർതലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബാണ്‌ ജില്ലാശുപത്രിയിലേത്‌.
ഇടയ്ക്കിടെ തലകറക്കം വന്നിരുന്ന രോഗി കാർഡിയോളജിസ്റ്റിനെ കാണുകയും ഹോൾട്ടർ ടെസ്റ്റ് നിർദ്ദേശിക്കുകയുമായിരുന്നു. ടെസ്റ്റിൽ ഹൃദയമിടിപ്പിലെ താളവ്യത്യാസം കണ്ടെത്തിയതിനാൽ ചികിത്സ നിർദ്ദേശിക്കുകയുമായിരുന്നു. ഹൃദയനാടികളിൽ ഉണ്ടാകുന്ന ചലനവ്യത്യാസം ഹൃദയമിടിപ്പിനെ സ്വാധീനിക്കുന്നതിനാലാണ്‌ ബ്ലഡ്‌ പ്രഷർ കുറയുന്നതും തലകറക്കവുമുണ്ടാകുന്നത്‌. ഇത്തരം രോഗികൾക്കാണ് പേസ്മേക്കർ ചികിത്സ നൽകുന്നത്‌.
കാത്ത് ലാബിലെ പരിചരണങ്ങൾക്ക് കാർഡിയോളജിസ്റ്റുകളായ ഡോ. രാജി രാജൻ, ഡോ. കെ പ്രവീണ, ഡോ. പി റാണ എന്നിവർ നേതൃത്വം നൽകി. ആരോഗ്യഇൻഷുറൻസിന്റെ പരിധിയിൽ സൗജന്യമായാണ്‌ ജില്ലാശുപത്രിയിൽ ആദ്യത്തെ പേസ്മേക്കർ ചികിത്സ. രോഗി തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങി. ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച കാത്ത്‌ ലാബിൽ 200 ആൻജിയോഗ്രാം, 75 ഓളം ആൻജിയോപ്ലാസ്റ്റി, ടെമ്പററി പേസ്മേക്കർ, പെർമനന്റ് പേസ്മേക്കർ, പേരികാർഡിയൽ ടാപ്പിങ്, ഐവിയുഎസ് ചികിത്സകൾ ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യഇൻഷുറൻസ്, കാരുണ്യ, മെഡിസെപ്പ്, എസ്ടി എന്നീ പദ്ധതികളിലൂടെ സൗജന്യമായാണ് ആൻജിയോപ്ലാസ്റ്റിക്‌ ചെയ്‌തത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്‌ കാർഡിയോളജി വിഭാഗം ഒപി.


No comments