ജില്ലയിൽ മഴയിൽ 30 ശതമാനത്തിന്റെ കുറവ് ; ജലസംരക്ഷണത്തിന് ശ്രദ്ധ നൽകാൻ ജില്ലാ അധികൃതർ
കാസർകോട് : കാലവർഷ മഴയിലുണ്ടായ വലിയ കുറവിനെ തുടർന്ന് ജലസംരക്ഷണത്തിന് വലിയ ശ്രദ്ധ നൽകാൻ ജില്ലാ അധികൃതർ.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ മഴയിൽ 30 ശതമാനത്തിന്റെ കുറവുണ്ട്. തെക്ക് പടിഞ്ഞാറൻ കാലവർഷം അവസാനിക്കാൻ ബാക്കിയുള്ള കാലയളവും ഈ കുറവ് നികത്താൻ ആവശ്യമായ അളവിൽ മഴ ലഭിക്കാൻ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ ഏജൻസികൾ അറിയിച്ചത്.
കഴിഞ്ഞ വർഷം ശക്തമായ മഴ ലഭിച്ചിട്ടും ഏപ്രിൽ മെയ് മാസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. കൃഷിയും നശിച്ചു. വരൾച്ചാ സാഹചര്യം മുൻകൂട്ടി കണ്ട് പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമെല്ലാം ചേർന്നുള്ള പ്രവർത്തനം ജില്ലയിൽ ഉടൻ ആരംഭിക്കും.
ജില്ലയിലെ നാല് ബ്ലോക്കുകളിൽ ജലനിരപ്പിന്റെ അവസ്ഥ പരിധിക്ക് പുറത്താണ്. കാസർകോട് ബ്ലോക്ക് ക്രിട്ടിക്കൽ, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ, നീലേശ്വരം പരപ്പ ബ്ലോക്കുകൾ സേഫ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
തുള്ളി പിടിച്ച് തുടങ്ങാം
വീടുകളിലെ വാഷ്‌ബേസിൻ, ടോയ്‌ലറ്റ്, മറ്റ് പൈപ്പുകൾ എന്നിവയിലെ ചോർച്ച തടയണം. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കാം. പല്ലുതേക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക. ഫ്‌ളഷ് നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി വെള്ളം തുറന്നു വിടരുത്. തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും പൈപ്പ് തുറന്നിടരുത്.
പഴങ്ങളും പച്ചക്കറികളും കഴുകുമ്പോൾ പൈപ്പ തുറന്നിട്ട് കഴുകുന്നതിന് പകരം പാത്രത്തിൽ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുവാൻ ഉപയോഗിക്കാം. ചെടികൾ നനക്കുന്ന രാവിലെയോ സന്ധ്യാസമയത്തോ മാത്രമാക്കുക. വാഹനങ്ങൾ കഴുകുന്നത് അത്യാവശ്യത്തിന് മാത്രമാക്കുക. എല്ലാ വീടുകളിലും മഴവെള്ള സംഭരണി, മഴക്കുഴികൾ തുടങ്ങിയ ജലസംരക്ഷണ മാർഗം ഉപയോഗപ്പെടുത്തണം. ജല സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.
No comments