Breaking News

കുടക് ബാഗമണ്ഡലയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം ; ചെർക്കള സ്വദേശി അറസ്‌റ്റിൽ


ബാഗമണ്ഡല (മടിക്കേരി) ; വ്യാജമദ്യം നിർമിച്ച്‌ ഇന്ത്യൻ നിർമിത മദ്യക്കുപ്പികളിലാക്കി കുടകിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിൽപ്പന നടത്തുന്ന ചെർക്കളയിലെ സ്വദേശി  അറസ്‌റ്റിൽ. ചെർക്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സഫിയ ഹാഷിമിന്റെ ഭർത്താവ് ഹാഷിം ചെർക്കള (47)യെയാണ്‌ മദ്യ നിർമാണ കേന്ദ്രത്തിൽനിന്ന്‌ ബാഗമണ്ഡല പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌. ചെർക്കളയിലെ സജീവ മുസ്ലിംലീഗ്‌പ്രവർത്തകനാണിയാൾ.
അസംസ്കൃതവസ്തുക്കളും ഇന്ത്യൻ നിർമിത മദ്യത്തിന്റെ ലേബലുള്ള 2,000- കാലിക്കുപ്പികളും പിടിച്ചെടുത്തു. എക്സൈസ് വകുപ്പിന്റെ വ്യാജമുദ്രയും കുപ്പികളിലുണ്ട്‌. ഇവിടെ താമസിച്ച് മദ്യം നിർമിച്ച്‌ വിതരണം ചെയ്യുകയായിരുന്നുവെന്ന്‌ കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ രാമരാജൻ പറഞ്ഞു.
രഹസ്യവിവരത്തെതുടർന്ന്‌ മടിക്കേരി ഡിവൈഎസ്‌പി എ ജഗദീഷ്, ഇൻസ്പെക്ടർ കെ വി അനൂപ് മണ്ഡപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ്‌ മദ്യ നിർമാണകേന്ദ്രം കണ്ടെത്തിയത്‌.
വിതരണ ശൃംഖല അറിയാൻ കണ്ണൂർ, കാസർകോട് ജില്ലാ പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന്‌ കുടക്‌ ജില്ലാ പൊലീസ്‌ അറിയിച്ചു.


No comments