Breaking News

കുമ്പളയിൽ കാർമറിഞ്ഞ് വിദ്യാർഥിയുടെ മരണം പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച്‌ റിപ്പോർട്ട്


കാസർകോട്‌ : കുമ്പളയിൽ പൊലീസ്‌ പിന്തുടരുന്നതിനിടെ പ്ലസ്‌ടു വിദ്യാർഥി കാർ മറിഞ്ഞ്‌ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായ മറ്റുവിദ്യാർഥികളുടെ മൊഴിയും പരസ്പര വിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്. ആഗസ്ത് 26നാണ് പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞത്. സാരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി ഫർഹാസ്(17) 29ന് മരിച്ചു. അംഗടിമൊഗർ ജിഎച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥികൾ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലായിരുന്ന കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞതോടെ മുൻസീറ്റിലിരുന്ന ഫർഹാസിന് സാരമായിപരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽപ്പെട്ട കാറിന് പൂർണ ഫിറ്റ്നസില്ലെന്നും റിപ്പോർട്ട്‌ പറയുന്നു. കാറിലുണ്ടായിരുന്നത് വിദ്യാർഥികളാണെന്നറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമാണെന്ന്‌ ആരോപണം നേരിട്ട പൊലീസുദ്യോഗസ്ഥർ മൊഴിനൽകി. ഇത്തരത്തിൽ സംഭവങ്ങളുണ്ടാകുമ്പോൾ പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടരുമ്പോൾ അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്താൻ പ്രാഥമികാന്വേഷണത്തിൽ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ട് വന്ന ശേഷമായിരിക്കും ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കൂ.


No comments