Breaking News

മഴക്കുറവ്‌ ;കാര്യങ്കോട്ടുപുഴയിൽ മൺതുരുത്തുകൾ പ്രത്യക്ഷപ്പെട്ടു ഇളമ്പക്ക ശേഖരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു


കയ്യൂർ : നിറയെ വെള്ളമുണ്ടാകേണ്ട സമയത്ത്‌ മഴക്കുറവിനാൽ കാര്യങ്കോട്ട്‌ പുഴയിൽ (തേജസ്വിനി) മാടുകൾ (മൺതുരുത്തുകൾ)​ നേരത്തെ പ്രത്യക്ഷപ്പെട്ടതിൽ വിഷമമുണ്ടെങ്കിലും തീരത്തുള്ളവർക്കിപ്പോൾ ചെറിയൊരു ഗുണമുണ്ട്‌. മീൻ വാങ്ങാൻ പണം ചിലവാക്കേണ്ട. പുഴയിൽ ഇളമ്പക്ക നേരത്തെ എത്തിയതിനാലാണിത്‌. മുട്ടിനൊപ്പംപോലും വെള്ളമില്ലാത്ത പുഴയിൽനിന്ന് എളുപ്പത്തിൽ പെറുക്കിയെടുക്കാം. ഒരുമണിക്കൂറുകൊണ്ട്‌ ബക്കറ്റും പാനിയും നിറയും. ഉടുത്ത ലുങ്കി പ്രത്യേക രീതിയിൽ മട്ടമുണ്ടാക്കിയുടുത്ത്‌ അതിൽ നിറയെ വാരിയിടുന്നവരുമുണ്ട്‌.
വെള്ളത്തിലിറങ്ങി കാലുകൊണ്ട്‌ അടിത്തട്ടിൽ ചവിട്ടുമ്പോൾ ഇളമ്പക്കയുടെ സാന്നിധ്യമറിയാം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുളള മാസങ്ങളിലാണ് പ്രജനന കാലം. കടലിലും കായലിലുമുണ്ടാകുന്ന ചെറിയ വെളുത്ത പുറന്തോടുള്ള ഇളമ്പക്കയല്ല. വലിയ കറുത്ത തോടുള്ള ഉള്ളിൽ നിറയെ ഇറച്ചിയുള്ളവയാണ്‌ കയ്യൂർ, കണിയാട, പാലായി, വെള്ളാട്ട്‌, ചാത്തമത്ത്‌ ഭാഗങ്ങളിലെ മാടുകളിലും പുഴയിലും കാണുന്നത്‌. മൊളസ്ക് വർഗത്തിൽപെട്ട ഇരുപാളികളോടുകൂടിയ കട്ടിയേറിയ പുറന്തോടുള്ളതും ഇഴഞ്ഞുനീങ്ങുന്നതുമായ ജലജീവിയാണിത്. പൊതുവേ അറിയപ്പെടുന്നത് കക്ക എന്നാണെങ്കിലും ജില്ലയിൽ ഇളമ്പക്ക(ഇളേക്ക) എന്ന പേരിനാണ് പ്രചാരം. തെക്കൻ കേരളത്തിൽ നത്ത എന്നാണ് അറിയപ്പെടുന്നത്. നത്തക്കക്ക എന്നും വിളിപ്പേരുണ്ട്. കോഴിക്കോട്‌, വടകര ഭാഗത്ത്‌ എരുന്ത്‌ എന്നാണ്‌ പേര്‌. മാർച്ച്‌ , ഏപ്രിൽ മാസങ്ങളിലാണ്‌ ഇവ കൂടുതലായുള്ളതെങ്കിലും കാലാവസ്ഥാ മാറ്റത്തെത്തുടർന്ന്‌ ഇത്തവണ നേരത്തെ ഭീമൻ ഇളമ്പകൾ കാണാൻതുടങ്ങി.
ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് ഒരുകുടുംബത്തിന് ആവശ്യമായവ വാരിയെടുക്കാം. അവധിദിവസങ്ങളിൽ പഴയ ടേബിൾ ഫാനിന്റെ ഇരുമ്പുവലയൂരിയെത്തി പൂഴിമണലിൽനിന്ന്‌ എളുപ്പത്തിൽ വാരിയെടുക്കുന്ന വിരുതരുമുണ്ട്‌. കലത്തിൽ അടുപ്പത്ത് വെച്ച് പുഴുങ്ങിയാൽ ഇളമ്പക്ക തോട്‌ പിളർന്നുവരും. ഇറച്ചിയെടുത്ത ശേഷം കഴുകി വൃത്തിയാക്കി ഉള്ളിയും തക്കാളിയും മുളകും മല്ലിയുമൊക്കെ ചേർത്ത് കിടിലൻ റോസ്റ്റ് ഉണ്ടാക്കാം.
തോട് 20 വർഷം മുമ്പുവരെ കുമ്മായം നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. കുമ്മായച്ചൂളകൾ ഇല്ലാതായതോടെ തോട് ഉപേക്ഷിക്കുകയാണെങ്കിലും നീലേശ്വരം ഭാഗത്തുള്ള ചൂളകളിലേക്ക്‌ തോട്‌ ശേഖരിക്കാൻ ചിലർ കയ്യൂർ ഭാഗത്തെത്തുന്നുണ്ട്‌.


No comments