Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷനോട് അവഗണന യുവജന മാർച്ചിൽ പ്രതിഷേധമിരമ്പി


നീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.
നീലേശ്വരം സ്‌റ്റേഷനിൽ പ്രധാന വണ്ടികൾക്കൊന്നും സ്റ്റോപ്പനുവദിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്‌. ഓഖ–- -നാഗർകോവിൽ വീക്ക്ലി, വേരാവൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മംഗളൂരുവിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് കൂടുതൽ ട്രെയിൻ ഉണ്ടെങ്കിലും നീലേശ്വരത്തെത്തുമ്പോൾ നല്ല തിരക്കാണ്‌. വൈകിട്ട് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റും, മാവേലി എക്സ്പ്രസിലും യാത്രക്കാർ കഷ്ടപ്പെട്ടാണ് കയറുന്നത്.
പത്തുമിനിറ്റ് വ്യത്യാസത്തിൽ കാഞ്ഞങ്ങാട്ടെത്തുന്ന വേരാവൽ എക്സ്പ്രസിന്റെ മിക്ക കമ്പാർട്ട്മെന്റും കാലിയാണ്. നീലേശ്വരത്തുള്ള യാത്രക്കാർ ഈ വണ്ടിയിൽ കയറാൻ കാഞ്ഞങ്ങാട്ടേക്ക്‌ പോകുകയാണ്. മംഗളൂരു–- കോയമ്പത്തൂർ ഇന്റർസിറ്റി, ചെന്നൈ മെയിൽ, കുർള തുടങ്ങി എക്‌സ്‌പ്രസ്‌ ട്രെയിനുകൾക്കും നീലേശ്വരത്ത്‌ സ്‌റ്റോപ്പില്ല. ഇതിൽ ചെന്നൈ മെയിൽ, മംഗളൂരു –- -കോയമ്പത്തൂർ ഇന്റർസിറ്റി ട്രെയിനുകളുടെ നീലേശ്വരം സ്റ്റോപ്പ് നിർത്തലാക്കിയതാണ്‌. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലെയും, പത്തോളം പഞ്ചയത്തുകളിലെയും ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനിൽ പ്രധാനവണ്ടികൾ നിർത്താത്തത്‌ പ്രതിഷേധാർഹമാണ്‌.
യാത്രക്കാർക്ക് ആവശ്യസൗകര്യങ്ങളുടെ കുറവാണ്‌ സ്‌റ്റേഷനിൽ ഏറെയും. ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണുള്ളത്‌. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ടിക്കറ്റ് കൗണ്ടറുമില്ല. നീണ്ട ക്യുവാണ് എപ്പോഴും. റെയിൽവേക്ക്‌ സ്വന്തമായി 26 ഏക്കർ ഭൂമിയുണ്ടെങ്കിലും കാടുമൂടി കിടക്കുന്നു. യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻപോലും റെയിൽവേ സൗകര്യമൊരുക്കുന്നില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ശുചിമുറികൾ അടച്ചിട്ടിരിക്കുന്നു. മഴയും വെയിലും കൊണ്ട് ട്രെയിൻ കാത്തുനിൽക്കേണ്ടുന്ന അവസ്ഥയാണിപ്പോൾ. രാത്രിയായാൽ ഭൂരിഭാഗം സ്ഥലങ്ങളും ഇരുട്ടിലും.
റെയിൽവേ സ്റ്റേഷൻ വികസനത്തിന്‌ നേതൃത്വം കൊടുക്കേണ്ട സ്ഥലം എംപി രാജ്മോഹൻ ഉണ്ണിത്താന്റെ നിസംഗത ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. റെയിൽവേ അധികൃതരും എംപിയും കാട്ടുന്ന അവഗണനയും മൗനവും അവസാനിപ്പിക്കണം.
ഇക്കാര്യങ്ങളെല്ലാം പരിഹരിക്കണമെന്ന ആവശ്യമുയർത്തിയാണ്‌ ഡിവൈഎഫ്ഐ പ്രവർത്തകർ റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തിയത്‌. നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്, സിനീഷ് കുമാർ, എ അഭിജിത്ത്, വി മുകേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.


No comments