കുമ്പളയിൽ എസ്‌ഐക്ക് വധഭീഷണി: 2 പേർ അറസ്‌റ്റിൽ
കാസർകോട് : പൊലീസിനെകണ്ട് നിർത്താതെപോയ കാർമറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തെതുടർന്ന്, കുമ്പള എസ്ഐയുടെ കുടുംബത്തിനുനേരെ വധഭീഷണി മുഴക്കിയവർ അറസ്‌റ്റിൽ.
കുമ്പളയിലെ അബ്ദുൾ ഫിറോസ് (32), ജസീൽ (35) എന്നിവരെയാണ് സിഐ അനൂപ് കുമാറും സംഘവും അറസ്റ്റുചെയ്തത്. എസ്ഐ രജിത്തിന്റെ ഭാര്യാപിതാവ് ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചൊവ്വ വൈകിട്ട് 6.15ന് നീല കളർ സ്‌കൂട്ടറിൽ, കുമ്പള എസ്ഐ രജിത് താമസിക്കുന്ന മൊഗ്രാൽ മാളിയങ്കരയിലെ ക്വാർട്ടേഴ്സിൽ യുവാക്കളെത്തി കൊല്ലുമെന്നും ജീവിക്കാൻ വിടില്ലെന്നും ഭീഷണി മുഴക്കുകയായിരുന്നു. വധഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഫർഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്ഐ രജിത്, പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത് എന്നിവരെ കാഞ്ഞങ്ങാട് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
No comments