ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട റാണിപുരം സ്വദേശിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ
രാജപുരം: ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങൾനഷ്ടപ്പെട്ട യുവാവ് തൂങ്ങി മരിച്ചനിലയിൽ. റാണിപുരം പാറയ്ക്കൽ റെജി- റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്. റോഷ് ഏറെ നാളായി ഓൺലൈൻ റമ്മി കളിയിൽ അടിമയായിരുന്നു എന്നാണ് വിവരം.
പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ബുധൻ രാത്രി എട്ടരയ്ക്കാണ് റിസോർട്ടിനു സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ഇയാളെ സഹപ്രവർത്തകർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയും ലക്ഷങ്ങൾ റമ്മി കളിയിൽ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിലെ ഏകമകനായ റോഷ്, ഏതാനും ദിവസം മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സ വേണമെന്നും സഹായം നൽകണമെന്നും സഹപ്രവർത്തകരോട് കള്ളം പറഞ്ഞിരുന്നു. എല്ലാവരും ചേർന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നൽകിയിരുന്നു. ഈ പണവും ഇയാൾ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതായാണ് വിവരം.
No comments