Breaking News

കാഞ്ഞങ്ങാട് – പാണത്തൂർ പാത കരാറുകാരന്റെ അനാസ്‌ഥ:
 പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ വീണ്ടും സമരത്തിലേക്ക്‌


രാജപുരം : പണി തുടങ്ങിയിട്ട് ഒരുവർഷമായിട്ടും കാഞ്ഞങ്ങാട് –-പാണത്തൂർ സംസ്ഥാനപാത വികസനം ഇഴഞ്ഞുതന്നെ. കരാറുകാരന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ വീണ്ടും സമരത്തിലേക്ക്‌. പൂടംകല്ല് മുതൽ പാണത്തൂർ ചിറംകടവുവരെയുള്ള 18 കിലോമീറ്റർ റോഡ് വീതികൂട്ടി വളവ് നികത്തി മെക്കാഡം ടാർ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബിയിൽ 60 കോടി രൂപ അനുവദിച്ചിരുന്നു. പ്രവർത്തി ആംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥകാരണം കാരണം ഇതുവരെ ടാറിങ് പൂർത്തിയാക്കിയത് നാല് കിലോമീറ്റർ മാത്രം. ടാറിങ് കഴിഞ്ഞ സ്ഥലങ്ങളിൽ ഡ്രൈയിനേജ്‌ പോലും നിർമ്മിച്ചിട്ടില്ല.
പല സ്ഥലത്തും റോഡ് പൊളിച്ചതിനാൽ വാഹനങ്ങൾക്ക് പോകാൻ പ്രയാസം നേരിടുന്നുമുണ്ട്‌.
മഴ വന്നതോടെ റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറി. നടന്നുപോകാൻ കഴിയുന്നില്ല. റോഡ് അരികിലെ മരങ്ങൾ മുറിച്ചു മാറ്റിയെങ്കിലും റോഡിലെ വളവുകൾ നിവർത്തിയില്ല. ഇനിയും പണി വൈകിയാൽ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാകും.

പണി വേഗം പൂർത്തിയാക്കണം: സിപിഐ എം

കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാന പാത വികസനം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സിപിഐ എം പനത്തടി ഏരിയാക്കമ്മിറ്റി ആവശ്യപ്പെട്ടു.
നാടിന്റെ വികസന സ്വപ്നങ്ങൾക്ക് ശക്തിപകരുന്നതിനാണ്‌ കിഫ്ബിയിൽ ഉൾപ്പെടുത്തി 60 കോടി രൂപ അനുവദിച്ചത്.
സിപിഐ എം നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തിയാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. എന്നാൽ കരാറുകാരൻ ഉദാസീന കാണിക്കുകയാണ്.
അടിയന്തിരമായി റോഡ് പ്രവൃത്തി പൂർത്തിയാക്കണം. ടാറിംങ്ങ് കുത്തിപൊളിച്ചു ടാർ ചെയ്യാൻ ബാക്കിയുള്ള മൂണ്ടോട്ട് മുതൽ കള്ളാർ വരെയുള്ള ഭാഗങ്ങളിൽ മഴ മാറിയ ഉടൻ ടാറിംങ് ആരംഭിക്കണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ചു ശക്തമായ ഇടപെടൽ നടത്തണമെന്ന് സിപിഐ എം ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ പറഞ്ഞു.


No comments