Breaking News

വികസന മുന്നേറ്റത്തിനായി പരപ്പ ഏഴ് ദിവസം നീളുന്ന പരിപാടികൾക്ക് ഒക്ടോബർ മൂന്നിന് തുടക്കം ഒക്ടോബർ മൂന്നിന് പൂടങ്കല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ വിവിധ പരിപാടികൾ നടക്കും


പരപ്പ ബ്ലോക്കിൽ വിവിധ മേഖലകളിൽ വികസനം മെച്ചപ്പെടുത്തുന്നതിനായി ഒക്ടോബർ 3 മുതൽ 9 വരെ സങ്കല്പ് സപ്താഹ് എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മിയുടെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര പദ്ധതി നടത്തിപ്പിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഒക്ടോബർ മൂന്ന് മുതൽ 9 വരെ ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് തലങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽകരണ ക്യാമ്പുകൾ, പ്രദർശന മേളകൾ, മത്സരങ്ങൾ, റാലികൾ, ആരോഗ്യ ക്യാമ്പുകൾ , സെമിനാറുകൾ, തുടങ്ങിയ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 

ഒക്ടോബർ മൂന്നിന്  പൂടങ്കല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ വിവിധ പരിപാടികൾ നടക്കും. ആരോഗ്യ ക്യാമ്പുകളും ബോധവൽകരണ പരിപാടികളും നടത്തും. 

പോഷൻ മേള എന്ന പേരിൽ ഒക്ടോബർ നാലിന് ബ്ലോക്ക്തല അംഗൺവാടികൾ  പഞ്ചായത്തുകൾ  എന്നിവിടങ്ങളിൽ വനിത ശിശു വികസന വകുപ്പ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ശുചിത്വ മേഖലയിലെ മുന്നേറ്റത്തിനായി ഒക്ടോബർ അഞ്ചിന് ബ്ലോക്ക്തലത്തിലും പ്രാദേശികതലത്തിലും  പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഉറവിട മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള അവബോധം നൽകൽ, ശുചീകരണ പ്രവർത്തനങ്ങൾ, പ്രദർശനം, ഹരിത കർമ സേനാ സംഗമം തുടങ്ങിയവ നടക്കും. 


ഒക്ടോബർ ആറിന് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ കർഷകരെ പങ്കെടുപ്പിച്ച് കൃഷി വകുപ്പ് ശില്പശാല സംഘടിപ്പിക്കും. മണ്ണ് പരിശോധന ക്യാമ്പ്, കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും തുടങ്ങിയവും ഇതിന്റ ഭാഗമായി ഉണ്ടാവും.


ഒക്ടോബർ ഏഴിന് വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികൾ. എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾക് വിവിധ മത്സര പരിപാടികൾ നടത്തും.


ഒക്ടോബർ എട്ടിന് സമാപന യോഗം ചേരും. വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും. ജില്ലാ കളക്ടർ , ജനപ്രതിനിധകൾ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ  സജ്ജമാക്കും. വിപുലമായ ഘോഷയാത്ര നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ഒക്ടോബർ ഒമ്പതിന് വ്യവസായ വകുപ്പും കുടുംബശ്രീയും ചേർന്ന് വിവിധ പദ്ധതികളുടെ വിശദീകരണവും സെമിനാറുകളും സംഘടിപ്പിക്കും. 


പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടർ കെ.വി ഹരിദാസ് , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ രജനി കൃഷ്ണൻ , പി.വി ചന്ദ്രൻ , പത്മകുമാരി , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഗിരിജ മോഹനൻ , പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ , കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ ലക്ഷ്മി, വിവിധ ഉദ്യോഗസ്ഥർ , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.രാജേഷ് സ്വാഗതവും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.


പരപ്പ ബ്ലോക്കില്‍ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷിയും മൃഗസംരക്ഷണവും , അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ വികസനം എന്നീ മേഖലകളിലെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി സെപ്തംബർ 16ന്  ബ്ലോക്ക് ആസ്പിരേഷണൽ പ്രോഗ്രാം ചിന്തൻ ശിവിർ നടത്തിയിരുന്നു. ഇതിൽ ഉയർന്നുവന്ന നിർദേശങ്ങൾ ആലോചനയോഗത്തിൽ അന്തിമമാക്കി .

No comments