Breaking News

പുതിയ മന്ദിരം ഇനി രാജ്യത്തിന്റെ പാർലമെന്റ്; വിജ്ഞാപനം ഇറങ്ങി: സമ്മേളനം ഇന്നുമുതൽ പുതിയ മന്ദിരത്തിൽ




ഡൽഹി: ചരിത്ര മുറങ്ങുന്ന പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റിലേക്ക് മാറി ഇന്ത്യ. പുതിയ പാർലമെന്റ് മന്ദിരം ഇനി മുതൽ രാജ്യത്തിന്റെ പാർലമെന്റെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം ഇറങ്ങി. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയിരുന്നു. പുതിയ മന്ദിരത്തിൽ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പഴയപാർലമെന്റ് മന്ദിരത്തിലെ അവസാന സഭാ സമ്മേളനം ഇന്നലെ നടന്നിരുന്നു.


പഴയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് പുതിയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 65000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ബിമൽ പട്ടേൽ എന്ന ആർക്കിടെക്ടാണ് പുതിയ മന്ദിരത്തിന്റെ ഡിസൈൻ രൂപകല്പന ചെയ്തത്. 888 അംഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ലോക്സഭയും 384 സീറ്റുകൾ അടങ്ങുന്ന രാജ്യസഭയുമാണുള്ളത്. സംയുക്ത സമ്മേളനങ്ങളുടെ സമയത്ത് 1272 അംഗങ്ങൾക്ക് വരെ ഇരിക്കാൻ കഴിയും. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയുള്ള നിർമ്മാണമാണ് നടന്നിരിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.






ഭിന്നശേഷിക്കാർക്കായി സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. അംഗങ്ങൾക്ക് പരസ്പരം ഇടപഴകാൻ പൊതുസ്ഥലമായി സെൻട്രൽ ലോഞ്ച് ഉണ്ടാകും. ഇതിന്റെ തുറസ്സായ മുറ്റത്ത് ദേശീയവൃക്ഷമായ ആൽമരവുമുണ്ടാകും. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് രാജ്യസഭയുടെ ഡിസൈൻ പശ്ചാത്തലം. ദേശീയ പക്ഷിയായ മയിലിന്റെ മാതൃകയിലാണ് ലോക്സ്ഭയുടെ ഡിസൈൻ പശ്ചാത്തലം. 9500 കിലോഗ്രാം ഭാരവും 6.5 മീറ്റർ ഉയരവുമുള്ള അശോക സ്തൂപവുമുണ്ട്. മുൻപ് പാർലമെന്റ് മന്ദിരത്തിന്റെ മുൻപിലായി ഉണ്ടായിരുന്ന 16 അടി ഉയരം വരുന്ന ഗാന്ധി പ്രതിമ പഴയ മന്ദിരത്തിന് ആമുഖമായി സ്ഥാപിച്ചു.


പുതിയ സഭയിലെ നടപടികളെല്ലാം ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നടക്കുക. 10 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന നീണ്ട വരികൾക്ക് പകരം രണ്ടോ മൂന്നോ പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിൽ മഹാരാഷ്ട്ര നിയമസഭയുടെ മാതൃകയിലാണ് മന്ദിരത്തിലെ സീറ്റിങ് ക്രമീകരണം. സുരക്ഷയും കാര്യക്ഷമതയും കേന്ദ്രീകരിച്ചുകൊണ്ട് ഏറ്റവും പുതിയ ആശയ വിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓഫീസുകൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും.

No comments