രണ്ടാമത് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു
കാസർകോട് : രണ്ടാമത് കാസർകോട്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നാടിന് സമർപ്പിച്ചു. ഒരു നാടിൻറെ വികസനത്തിന് യാത്രാസൗകര്യം അത്യന്താപേക്ഷികമാണെന്നും കൂടുതൽ വേഗത്തിൽ കൂടുതൽ സൗകര്യങ്ങളോടുകൂടിയുള്ള റെയിൽ യാത്രയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു.
അസാധ്യം എന്ന് കരുതിയത് എല്ലാം ഭാരതം സാധിച്ചു കൊണ്ടിരിക്കുകയാണ്. ചന്ദ്രയാൻ ലക്ഷ്യം പൂർത്തീകരിച്ചതും മിഷൻ ആദിത്യയും എല്ലാം ഭാരതീയരുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ്. സമസ്ത മേഖലയിലും രാജ്യത്ത് നാരീശക്തി ദൃശ്യമാണെന്നും സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന റെയിൽവേ ഗതാഗതത്തെ ആധുനിക രീതിയിൽ നവീകരിച്ച് കൂടുതൽ വികസിപ്പിക്കുന്ന നയമാണ് സർക്കാരിന്റേത് എന്ന് പ്രധാന മന്ത്രി പറഞ്ഞു.
റെയിൽവേ രംഗത്ത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് ദൃശ്യമാകുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്. ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻറെ 75മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ഭാരതത്തിൻറെ അടുത്ത 25 വർഷങ്ങൾ വികസനത്തിലേക്കുള്ള മുന്നേറ്റങ്ങളായിരിക്കും എന്ന് പറഞ്ഞിരുവെന്നും അതിൻറെ ഭാഗമാണ് വന്ദേ ഭാരത എക്സ്പ്രസ്സിന്റെ രണ്ടാം എഡിഷൻ എന്നും കേന്ദ്ര വി. മുരളീധരൻ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരുക്കിയ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ലഭിച്ച വന്ദേ ഭാരതത്തിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ വണ്ടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ഏഴുമണിക്കൂർ 45 മിനിറ്റ് എടുക്കുന്ന യാത്രാ സമയം അഞ്ചുമണിക്കൂർ 30 മിനിറ്റിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു വെന്നും അതിൻറെ ഉദാഹരണമാണ് വന്ദേ ഭാരത് ലഭിച്ച സ്വീകാര്യത എന്നും സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കൂടുതൽ ജനസന്ദ്രതയേറിയതും മറ്റു സംസ്ഥാനങ്ങളുമയി നോക്കുമ്പോൾ വാഹന സാന്ദ്രത ഏറിയതുമായ സംസ്ഥാനമാണ് കേരളം. ഇവിടെ കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി ഏറ്റവും യോജ്യമാകുന്നത് റെയിൽ മാർഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ കേരളം കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കും എന്നും അത് ദീർഘവീക്ഷണത്തോടു കൂടി സിൽവർ ലൈൻ പദ്ധതിയുമായി മുന്നിൽ വന്ന സർക്കാരാണ് കേരളത്തിലേതെന്ന് സംസ്ഥാനത്ത് റയിൽവേയുടെ ചുമതല കൂടിയുള്ള മന്ത്രി പറഞ്ഞു.
ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭ അധ്യക്ഷൻ വി.എം മുനീർ, പാലക്കാട് ഡിആർഎം അരുൺകുമാർ ചതുർവേദിതുടങ്ങിയവർ സംസാരിച്ചു.
ജനപ്രതിനിധികൾ, യാത്രക്കാർ, റെയിൽവേ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൻ്റെ ഭാഗമായി കലാപരിപാടികൾ അരങ്ങേറി. എല്ലാവരും മൻ കി ബാത്ത് ശ്രവിച്ചു.
No comments