വോളിയിൽ ജില്ലക്ക് അഭിമാനമായി കിനാനൂർ കരിന്തളത്തെ ചന്തു ഓഫീസർ വോളി അക്കാദമിയിലെ പെൺകുട്ടികൾ
നീലേശ്വരം : ജില്ലാതല സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പ്രതിഭകളെ സമ്മാനിച്ച കരിന്തളം ചന്തു ഓഫീസർ വോളി അക്കാദമി സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിലും തിളങ്ങും. അക്കാദമിയിൽ പരീശീലനം ലഭിക്കുന്ന 32 കുട്ടികളാണ് തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിൽ സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുക. 2015 ൽ 30കുട്ടികളുമായി കയ്യൂർ സമരസേനാനി വി ചന്തു ഓഫീസറുടെ നാമധേയത്തിൽ ആരംഭിച്ച അക്കാദമി ഇപ്പോൾ സംസ്ഥാനത്തെ പ്രധാനസ്ഥാപനമാണ്.
അക്കാദമിയിൽ പരിശീലനം നേടിയവർ വിവിധയിടങ്ങളിൽ ഉപരിപഠനവും തുടർപരിശീലനവും നേടിക്കൊണ്ടിരിക്കുന്നു. കൂടാതെ അക്കാദമിയിൽ പരിശീലനം ലഭിച്ച നിഷാദ് ഇന്ത്യൻ വോളിരംഗത്ത് പ്രധാനസ്ഥാനത്താണ്. എസ് ആർ എം ചെന്നൈയിൽ തുടർ പരിശീലനവും ഉപരിപഠനവും നടത്തുകയാണ്.
കിനാനൂർ റോഡിൽ പ്രവർത്തിക്കുന്ന അക്കാദമിയിൽ 100 ഓളം കുട്ടികൾ തീവ്രപരിശീലനത്തിലാണ്. ദിവസവും വൈകീട്ടാണ് കോച്ചിങ് സമയം. കോച്ചുമാരായ പങ്കജാക്ഷൻ കാനായി, രേഷ്മ കെ നായർ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം . 2015 മുതൽ ചിട്ടയായ പരിശീലനത്താൽ കേരള ടീമിലും ദേശിയ വോളിബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചവർ ഏറെയുണ്ട്. കുട്ടികളുടെ വളർച്ചക്കായി ഏറെ പരിശ്രമിക്കുന്ന ഭരണസമിതിയും, രക്ഷിതാക്കളും, ഉർജ്ജസ്വലരായ കുട്ടികളുമാണ് അക്കാദമിയുടെ നേട്ടം.
ജില്ലയിലെ പ്രഥമ അക്കാദമിയായ ചന്തു ഓഫീസർ മെമ്മോറിയൽ വോളി അക്കാദമിയുടെ ഇപ്പോഴത്തെപ്രസിഡൻ്റ് ഒ വി രമേശും സെക്രട്ടറി സി വി സന്തോഷ് കുമാറുമാണ്.
അബീന നയിക്കും
ചായ്യോത്ത്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലാ സബ് ജൂനിയർ ഗേൾസ് ടീമിനെ ചന്തു ഓഫിസർ മെമ്മോറിയൽ വോളിബോൾ അക്കാദമി താരമായ അബീന സുരേഷ് നയിക്കും. ചായ്യോത്ത് ജി എച്ച് എസ് വിദ്യാർഥിയാണ്. തലയടുക്കത്തെ ടി സുരേഷിന്റെയും സുജിതയുടെയും മകളാണ്. രണ്ട് വർഷമായി അക്കാദമിയിൽ പരിശീലിക്കുന്നു.
No comments