ബിഹാറിലെ ട്രെയിനപകടം: നാല് പേർ മരിച്ചു, 100 പേർക്ക് പരിക്ക്
രഘുനാഥ്പൂർ: ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 100 ലേറെ പേർക്ക് പരിക്കേറ്റു. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനിൽ ആണ് അപകടം നടന്നത്. രാത്രി 11.35 ഓടെയാണ് അപകടമുണ്ടായത്. ബിഹാറിൽ നിന്ന് അസ്സമിലെ കാമഖ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാസഞ്ചർ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും തിരിച്ചുവിട്ടു. പാളം തെറ്റിയതിന്റെ കാരണം അന്വേഷിക്കുന്നതിനിടെ പാളം തെറ്റിയ കോച്ചുകൾ ട്രാക്കിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാളം തെറ്റിയതിന്റെ കാരണം അന്വേഷിക്കുന്നുവെന്ന് റെയിൽ വെ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്നുണ്ടായ നഷ്ടം റെയിൽവേ ഇതുവരെ വിലയിരുത്തിയിട്ടില്ല.
അപകടത്തിൽ വൈദ്യുത തൂണുകളും സിഗ്നൽ പോസ്റ്റുകളും രണ്ട് ട്രാക്കുകളും തകർന്നു. പട്‌ന, ഝജ്ജ, കിയൂൾ, ജാസിദിഹ്, പാടലീപുത്ര എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായകമായ ദീൻ ദയാൽ ഉപാധ്യായ-ഹൗറ റൂട്ടിലെ ട്രെയിൻ ആണ് പാളം തെറ്റിയത്. അപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ട സഹായം ചെയ്യാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബക്സറിലെയും അറായിലെയും ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അതേസമയം, പാളം തെറ്റിയ കോച്ചിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസ് സംഘവും നാട്ടുകാരും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.
No comments