കരയുദ്ധത്തിന് അനുമതി കാത്ത് സൈന്യം: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; ഒറ്റപ്പെട്ട് ഗാസ
ടെൽ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മണിക്കൂറുകളിൽ 51 പേര്‍ കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. സബ്ര, അല്‍ സൈടൂണ്‍, അല്‍ നഫാഖ്, തല്‍ അല്‍ ഹവ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ രാത്രി നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടുക്കന്നവര്‍ക്കായുള്ള രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇതിനിടെ ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞു. 2700 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 1100 പലസ്തീനികളും കൊല്ലപ്പെടുകയും 5339 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1500 ഹമാസ് പോരാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന ഇസ്രയേലിന്റെ അവകാശവാദം കൂടി പരിഗണിച്ചാല്‍ മരണസംഖ്യ 4000 കടന്നു. ഇതിനിടെ ഹമാസ് ആക്രമണത്തില്‍ 22 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീക്കപ്പെട്ടു. 17 പൗരന്മാരെ കാണാതായതായി ബ്രിട്ടന്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലൂടെയും ഗാസയിലൂടെയുമുള്ള യാത്രകള്‍ ഒഴിവാക്കണമമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ബന്ദികളെ മോചിപ്പികുന്നതിനായി ഹമാസുമായി സംസാരിക്കാന്‍ തയ്യാറെന്ന് തുര്‍ക്കി ആവര്‍ത്തിച്ചു. ഇതിനിടെ ബന്ധികളെ മോചിപ്പിക്കുന്ന ദൃശ്യങ്ങൾ ഹമാസ് പങ്കുവച്ചു. ഇസ്രയേലി വനിതയെയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
ഇതിനിടെ ഗാസയിലെ ജനതയ്ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ഐക്യരാഷ്ട്രസഭ ശക്തമാക്കിയിട്ടുണ്ട്. ഗാസയിലെ ഏക വൈദ്യുത ഉത്പാദന കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തി. ആവശ്യത്തിന് ഇന്ധനം ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇസ്രയേല്‍ ഗാസയിലേക്കുള്ള മരുന്നിന്റെയും വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗാസയിലെ ഇസ്രായേൽ ഉപരോധത്തിനെതിരെ അറബ് ലീഗ് രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ നീക്കത്തെ അറബ് ലീഗ് അപലപിച്ചു. ഗസയിലേക്കുള്ള കുടിവെള്ള വിതരണവും ഇലക്ട്രിസിറ്റിയും പുനസ്ഥാപിക്കണമെന്നും അറബ് ലീഗ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ ഗാസയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കുന്നതിന് ഈജിപ്തുമായും ഇസ്രയേലുമായും ഐക്യരാഷ്ട്ര സഭയുമായും അമേരിക്ക ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഗാസയിൽ നിന്നും ഈജിപ്തിലേക്കുള്ള റഫ പാലം തകർന്നത് മാനുഷിക ഇടനാഴി തുറക്കുന്നതിന് വെല്ലുവിളിയാണ്.
യുദ്ധം രൂക്ഷമാകവെ ഇറാനിയന്‍ പ്രസിന്റ് ഇബ്രാഹിം റെയ്‌സിയും സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഫോണില്‍ സംസാരിച്ചു. പലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ ചൈനയുടെ നേതൃത്വത്തില്‍ നേരത്തെ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ ടെലഫോണ്‍ സംഭാഷണമാണിത്. ഇതിനിടെ ഗാസയില്‍ ആക്രമണം നടത്താന്‍ തങ്ങളുടെ ഹെരോണ്‍ റ്റിപി കോംബാറ്റ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ജര്‍മ്മനി ഇസ്രയേലിന് അനുമതി നല്‍കി.
യുദ്ധസാഹചര്യത്തില്‍ ഇസ്രയേലില്‍ രൂപീകരിച്ച അടിയന്തിര ഐക്യ സര്‍ക്കാരിന്റെ ഭാഗമാകാന്‍ പ്രതിപക്ഷ നേതാവായ യെയര്‍ ലാപിഡിന്റെ യെഷ് അതിദ് പാര്‍ട്ടി തയ്യാറായിട്ടില്ല. നിലവില്‍ ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാണ് യെഷ് അതിദ്. നേരത്തെ അടിയന്തിര ഐക്യ സര്‍ക്കാരിന്റെ ആവശ്യകത ആദ്യം ചൂണ്ടിക്കാണിച്ചത് യെയര്‍ ലാപിഡ് ആയിരുന്നു. ഇതിനിടെ നെസറ്റിലെ രണ്ടാമത്തെ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ യൂണിറ്റി പാര്‍ട്ടിയുടെ നേതാവ് ബെന്നി ഗാന്റ്‌സ് അടിയന്തിര ഐക്യ സര്‍ക്കാരിന്റെ ഭാഗമായി. മന്ത്രിസഭയില്‍ ചേരാന്‍ ലാപിഡിന്റെ മുന്നില്‍ വാതില്‍ തുറന്ന് കിടക്കുകയാണെന്ന് ഗാന്റ്‌സും നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ദൗത്യമായ ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ അറിയിച്ചു. നിലവിൽ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ആദ്യമെത്തിക്കും.
No comments