കാട്ടുപന്നി ആക്രമണത്തിൽ പൊറുതിമുട്ടി മലയോര കർഷകർ ; മൗക്കോട് സ്വദേശിയുടെ കൃഷി പൂർണമായും നശിപ്പിച്ചു
ഭീമനടി : കാട്ടുപന്നികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി മലയോരത്ത് കർഷകർ. കഴിഞ്ഞദിവസം മൗക്കോട്ടെ കാനാ അശോകന്റെ കപ്പയും ചേമ്പും ഉൾപ്പെടെയുള്ള കൃഷി പൂർണമായും നശിപ്പിച്ചു. വിളവെടുക്കാറായ നൂറ് ചുവട് കപ്പയും 50 ചുവട് ചേമ്പുമാണ് നശിപ്പിച്ചത്. കടുത്ത വേനൽക്കാലത്തും വെള്ളമൊഴിച്ചും പന്നികള അകറ്റാൻ മറകൾ കെട്ടിയും വളർത്തിയ കൃഷിയാണ് ഇല്ലാതായത്. പ്രതീക്ഷയോടെ കൃഷിചെയ്‌തുണ്ടാക്കുന്ന വിളകൾ അനുഭവിക്കാൻ കഴിയാത്തതിലുള്ള സങ്കടത്തിലാണ് കർഷകർ.
കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി ആയന്നൂരിലെ കുറ്റ്യാത്ത് ഷാജിയുടെ വിളവെടുക്കാനായ കപ്പകൃഷിയും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. അടുത്തിടെയാണ് ഉദയപുരത്തെ കർഷകന്റെ കോഴിഫാം തകർത്ത് 300ലേറെ കോഴികളെ കാട്ടുപന്നിക്കൂട്ടം കൊന്നൊടുക്കിയത്. കാട്ടുപന്നികളെ ഭയന്ന് റോഡുകളിൽ കൂടി സഞ്ചരിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. കാട്ടുപന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റ യാത്രക്കാരും കർഷകരും മലയോരത്തുണ്ട്. അതേസമയം കൃഷിനാശം സംഭവിച്ച കർഷകർക്ക് യഥാസമയം നാശനഷ്‌ടം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
No comments