ചീമേനി മാലിന്യ പ്ലാൻറ്: സർക്കാർ നൽകിയ അനുമതി റദ്ദാക്കണം. മുസ്ലിം ലീഗ്
ചീമേനി: കയ്യൂർ ചീമേനി പഞ്ചായത്തിലെ പോത്താംകണ്ടം അരിയിട്ട പാറയിൽ സർക്കാർ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട മാലിന്യ പ്ലാന്റിന് അനുമതി നൽകിയ സർക്കാറിന്റെ നിരുത്തരവാദപരമായ സമീപനം തിരുത്തണമെന്ന് മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ആവശ്യപ്പെട്ടു. പോത്താംകണ്ടം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ സിംഗൂറിലും നന്ദി ഗ്രാമിലും സിപിഎമ്മിനു ഉണ്ടായ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ അവർ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രകൃതി രമണീയമായ ഒരു പ്രദേശത്തെ കുരങ്ങന്റെ കയ്യിലെ പൂമാല പോലെ പിച്ചിച്ചീന്താൻ വികസന വിരോധികളായ സിപിഎമ്മിന് അല്ലാതെ മറ്റാർക്കും സാധിക്കുകയില്ല എന്നും ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. കാലാകാലങ്ങളായി സിപിഎമ്മിന് വോട്ട് ചെയ്യുന്ന പാർട്ടി സഖാക്കൾക്ക് ലഭിച്ച സമ്മാനം തള്ളണോ കൊള്ളണോ എന്ന ചർച്ച അവസാനിപ്പിച്ച് ഈ മഹാവിപത്തിനെതിരെ ഒന്നിച്ച് പോരാടാൻ പ്രദേശവാസികളായ സിപിഎം പ്രവർത്തകർ തയ്യാറാകണമെന്നും നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു. പി പി അസൈനാർ മൗലവി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് നീലഗിരി, ആയിഷ ഫർസാന, മുഹമ്മദ് കൂളിയാട്, ലുക്മാൻ അസ് അദി, സിദ്ദീഖ് ആമത്തല, എംടിപി ഉസ്മാൻ, എംടിപി ഷൗക്കത്തലി, റംഷാദ് എൻ എം,വി പി സുഹൈർ,എൻ നൗഷാദ്,എൻ സുലൈഖ എന്നിവർ പ്രസംഗിച്ചു.
No comments