ആറുപതിറ്റാണ്ടിന്റെ ഓർമകൾക്ക് വിരാമം നീലേശ്വരം കാര്യങ്കോട് പുതിയപാലം ഒരുങ്ങുന്നു
നീലേശ്വരം : കാര്യങ്കോട് പുഴയ്ക്ക് കുറുകെ അറുപത് വർഷംമുമ്പ് പണിത പാലം ഓർമ്മകളിലേക്ക് . ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് പുതിയപാലം ഗതാഗതത്തിനായി ഒരുങ്ങുന്നത്. നിരവധി ഓർമ്മകകൾ പങ്കുവെക്കാനുണ്ട് ഇവിടുത്തുകാർക്ക്. കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട്ടേക്ക് പോകേണ്ടവർ പണ്ട് കടത്തുവഞ്ചികളെയും ചങ്ങാടത്തെയും ആശ്രയിച്ചിരുന്ന കാലത്താണ് 60 വർഷം മുമ്പ് കാര്യങ്കോട് പാലം നിർമ്മിക്കുന്നത്. 1963 ഏപ്രിൽ 17ന് പാലം ഉദ്‌ഘാടനം ചെയ്തു.
കണ്ണൂരിൽനിന്നെത്തുന്ന ബസ്സുകളിൽനിന്ന് യാത്രക്കാരെ ചങ്ങാടത്തിൽ കയറ്റിയാണ് മറുകരയിലെത്തിച്ചിരുന്നത്. കാര്യങ്കോട് പുഴയ്ക്കുകുറുകെ പഴയ മയിച്ച കടവിൽനിന്നാണ് ചങ്ങാടംകെട്ടി ആളുകളെ മറുകരയിൽ എത്തിച്ചിരുന്നത്. അതുവരെ ജില്ലാ ആസ്ഥാനമായ കണ്ണൂരിൽനിന്ന് വരുന്ന വാഹനങ്ങൾ മയിച്ച പഴയ കടവ് വരെ മാത്രമെ വന്നിരുന്നുള്ളു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് മദ്രാസ് സർക്കാർ, മലബാർ, ദക്ഷിണ കന്നഡ പ്രദേശങ്ങളിലെ വിവിധ പുഴകളെ ബന്ധപ്പെടുത്തി റോഡ് വികസനം സാധ്യമാകുന്നത്. അതിൽ ഒന്നായിരുന്നു കാര്യങ്കോട് പുഴ. 1953ൽ ബോംബെ- കന്യാകുമാരി റോഡ് നവീകരിക്കാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിച്ചു. അതനുസരിച്ച് കോസ്റ്റൽ റോഡിൽ പാലങ്ങൾ നിർമ്മിക്കുകയായിരുന്നു.
1954 ൽ മദ്രാസ് ഗാൻനോൻ ഡങ്കർലെ ആന്റ് കമ്പനി മുഖേന പാലം പണി ആരംഭിച്ചു.
രൂപരേഖ മാറ്റേണ്ടി വന്നതിനാൽ 1957ൽ ഇതുപേക്ഷിച്ചു. പിന്നീട് സംസ്ഥാന പുനഃസംഘടനയ്ക്കുശേഷം പുതിയ രൂപരേഖ തയ്യാറാക്കി 41 അടി ഉയരത്തിൽ 15 സ്പാനുകളായാണ് പാലം നിർമ്മിച്ചത്. 16 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇന്ന് ഈ പാലത്തിലൂടെയുള്ള യാത്ര പേടി സ്വപ്നമാണ്. കാര്യങ്കോട് പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയിരുന്നു. പല തവണ അറ്റകുറ്റപണി നടത്തി.
പുതിയപാലം വരാൻ മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഗർഡറുകൾ സജ്ജമായി തൂണുകൾക്ക് മുകളിൽ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. തൂണുകളുടെ മുകൾ ഭാഗത്തെ പിയർക്യാപ്പുകളുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് ഗർഡറുകൾ ഘടിപ്പിക്കും. ക്രെയിൻ ഉപയോഗിച്ചുള്ള ഗർഡർ ലോഞ്ചിംഗ് അടുത്തയാഴ്ച ആരംഭിക്കും.
40 ഗർഡറുകളാണ് പാലത്തിന്റെ ഒരുഭാഗത്ത് ഘടിപ്പിക്കുക. ഇതിൽ 38 എണ്ണം പൂർത്തിയായി.
പഴയ പാലത്തേക്കാൾ രണ്ടുമീറ്റർ ഉയരത്തിലാണ് പുതിയ പാലം പണിയുന്നത്. കിഴക്ക് ഭാഗത്തെ ആദ്യപാലം തുറന്നു കൊടുത്തശേഷം പഴയ പാലം പൊളിച്ചു നീക്കും. പിന്നീട് രണ്ടാം പാലം പണിയും.
No comments