Breaking News

ആചാരത്തനിമയിൽ നാടെങ്ങും പത്താമുദയത്തിൽ കാലിച്ചാനൂട്ട് നടന്നു ഇരിയയിലെ വിവിധ കാലിച്ചാൽ ദേവസ്ഥലങ്ങളിൽ കാലിച്ചാനൂട്ടും കലശവും നടത്തി


ഇരിയ : പത്തോദയം എന്നറിയപ്പെടുന്ന തുലാം പത്തായ ഇന്ന് ഇരിയയിലെ വിവിധ കാലിച്ചാൽ ദേവസ്ഥലങ്ങളിൽ കാലിച്ചാനൂട്ടും കലശവും നടത്തി. ഇരിവൽ തന്ത്രികളുടെ കീഴിലുള്ള പൂണൂർ കാലിച്ചാൻ ദേവസ്ഥാനത്ത് നടന്ന കാലിച്ചാനൂട്ട് ചടങ്ങിന് ഉദയകുമാർ ലാലൂർ, ബാലൻ പൂണൂർ എന്നിവർ കാർമ്മികത്വം നൽകി.

പണ്ടുകാലങ്ങളിൽ മേച്ചിൽപുറങ്ങളായിരുന്ന സ്ഥലങ്ങളിൽ കന്നുകാലികളുടെ രക്ഷയ്ക്കായി അധിദേവനായ കാലിച്ചേകവ സങ്കൽപത്തിൽ കാഞ്ഞിരമരച്ചുവട്ടിൽ തുടങ്ങിയ ആരാധനയാണ് കാലിച്ചാനൂട്ട്. കാലിച്ചാൻ ദേവസ്ഥലങ്ങളിൽ  ഭക്തജനങ്ങൾ കൊണ്ടുവരുന്ന കുത്തരി, തേങ്ങ, പാല് എന്നിവ ചേർത്തുണ്ടാക്കുന്ന പ്രത്യേകതരം പാൽച്ചോറ് നിവേദിക്കുന്ന ചടങ്ങാണിത്. കാവിനുള്ളിൽ വച്ച് തന്നെ ഇത് എല്ലാവർക്കും വിതരണം ചെയ്യും. വർഷത്തിൽ 3 പ്രാവശ്യമാണ് ഈ ചടങ്ങ് നടത്തുക . പത്താമുദയത്തിന് തുടങ്ങുന്ന കാലിച്ചാനൂട്ട്., കലശം, പ്രത്യേക പൂജകൾ  എന്നിവയോട് കൂടിയാണ് ഇടവപ്പാതിക്ക് ശേഷം നടയടക്കുന്ന കാവുകളിലും ദേവസ്ഥാനങ്ങളിലും കളിയാട്ടം തുടങ്ങുന്നത്.


കന്നുകാലികളുടെ രക്ഷകനായ ദൈവമായാണ് കാലിച്ചാന്‍ അഥവാ കാലിച്ചേകവൻ തെയ്യം അറിയപ്പെടുന്നത്.  നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി മേയ്ക്കലും നടത്തിയിരുന്ന ഒരു സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം എന്നാണ് വിശ്വാസം. കാലിച്ചാൻ കാവുകളിൽ കാലിച്ചേകവനോടൊപ്പം ഗുളിക, വിഷ്ണുമൂർത്തി സങ്കൽപ്പത്തേയും പ്രതിഷ്ഠിക്കാറുണ്ട്.

No comments