കയ്യൂർ സർവീസ് സഹകരണ ബാങ്ക് ടൂറിസം വികസനത്തിന്റെ ഭാഗമായി കൂക്കോട്ട് കയാക്കിങ് പാർക്ക് ഒരുക്കി
കയ്യൂർ : സേവനത്തോടൊപ്പം ഭാവനകളും യാഥാർഥ്യമാക്കുന്നു എന്നതാണ് കയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രത്യേകത. ഗ്രാമത്തിന്റെ സവിശേഷത കണ്ടറിഞ്ഞ് അതിന് അനുയോജ്യമായ പദ്ധതികളാണ് ഈ സഹകരണസ്ഥാപനം നടപ്പാക്കുന്നത്. കുന്നുംമലയും പുഴയും ഗ്രാമത്തിന്റെ സൗന്ദര്യവും ആസ്വദിക്കാനുതകുന്ന രീതിയിൽ കയ്യൂർ വില്ലേജ് ടൂറിസം ലിമിറ്റഡ് പദ്ധതിയാണ് ബാങ്ക് നടപ്പാക്കി വരുന്നത്.
പാലായി ഷട്ടർകം ബ്രിഡ്‌ജിന് സമീപത്തായി കൂക്കോട്ട് ഒരുക്കിയ കയാക്കിങ്ങും കുട്ടികളുടെപാർക്കും ഇതിനകം ടൂറിസം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നിരവധിയാളുകളാണ് ദിവസേന ഇവിടെയെത്തുന്നത്. റോപ്പ് വേ, ഹൗസ് ബോട്ട് റിസോർട് എന്നിവ ആരംഭിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
നീലേശ്വരം ടൗണിൽനിന്നും പാലായി ഷട്ടർ കം ബ്രിഡ്‌ജ് വഴിയും ചെറുവത്തൂരിൽനിന്ന് കയ്യൂർ റോഡിലൂടെയും പാർക്കിലെത്തിയാൽ പാർക്കിൽ ഉല്ലസിച്ച് കയ്യൂരിന്റെ ഗ്രാമീണസൗന്ദര്യം ആസ്വദിക്കാനുള്ള യാത്ര ആരംഭിക്കാം. ടൂറിസത്തിന്റെ ഭാഗമായി കയ്യൂരിൽ തേജസ്വിനി റസ്‌റ്റോറന്റും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ടൂറിസ്‌റ്റുബസും സേവനത്തിന് തയാറായിട്ടുണ്ട്.
കേവലം പണമിടപാടിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ബേങ്കിന്റെ പ്രവർത്തനം. തികച്ചും കാർഷികഗ്രാമത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് വർഷങ്ങളായി പത്തേക്കർ സ്ഥലത്ത് വിവിധകൃഷികളും നടത്തുന്നുണ്ട്. നടീൽ വസ്‌തുക്കൾ കർഷകർക്ക് ലഭ്യമാക്കാനുള്ള നഴ്‌സറിയും ഇവിടെയുണ്ട്.
കൺസ്യൂമർ സ്‌റ്റോർ, സിമന്റ് ഡിപ്പോ, വളം വിൽപനശാല, കശുവണ്ടി സംഭരണശാല, സഹകരണ സേവാകേന്ദ്രം തുടങ്ങി ജനങ്ങൾക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനുളള മേഖലകൾ ബേങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ജനഹിതം അറിഞ്ഞ് അവർക്കുവേണ്ടി നിലകൊള്ളുന്ന ബാങ്കിന് നിടുംബ, കൂക്കോട്ട് എന്നിവിടങ്ങളിൽ ബ്രാഞ്ചും പ്രവർത്തിക്കുന്നുണ്ട്. പ്രസിഡന്റ് പി കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡന്റ് സി കെ ചന്ദ്രൻ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പി പി പവിത്രനാണ് സെക്രട്ടറി.
No comments