Breaking News

വിലക്കുറവ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് ഇന്ധനകടത്ത് വ്യാപകമാവുന്നു പനത്തടിയിൽ നികുതിവെട്ടിച്ച്‌ കടത്തിയ
 ഡീസൽ പിടിച്ചു


രാജപുരം  : നികുതിവെട്ടിച്ച് കേരളത്തിലേക്ക് ഡീസൽ കടത്തുന്ന മാഫിയയ്ക്ക് താക്കീതായി ചരക്ക് സേവന നികുതി വകുപ്പ് . വ്യാഴം പുലർച്ചെ ഇന്റലിജൻസ് ഓഫീസർ പി വി രത്നാകരന്റെ നേതൃത്വത്തിൽ പനത്തടിയിൽ നടത്തിയ റെയ്ഡിൽ 5500 ലിറ്റർ ഉൾക്കൊള്ളുന്ന ബൗസർ വാഹനം പിടികൂടി. നികുതിയുടെ അഞ്ചിരട്ടി പിഴയായി 5.67 ലക്ഷം രൂപ ഇവരിൽനിന്ന് ഈടാക്കി. . ജില്ലയിൽ ഇത്തരത്തിൽ പത്തിലേറെ ബൗസർ വാഹനങ്ങൾ ഓടുന്നതായി പെട്രോൾ പമ്പുടമകൾ പറയുന്നു. എക്സ്പ്ലോസീവ് ലൈസൻസ് പോലും ഇല്ലാത്ത ഇവയ്ക്ക് ഒരുതവണ അതിർത്തി കടന്നാൽ 60000 രൂപയോളം ലാഭം കിട്ടും.
പാണത്തൂർ അതിർത്തിയിൽ പെട്രോൾപമ്പ് തുറന്നതോടെ ഇതുവഴിയുള്ള ഒഴുക്ക് കൂടിയിട്ടുണ്ട്. ചുളുവിലയ്ക്ക് പഴയവാഹനങ്ങൾ വാങ്ങി ഇതിലുള്ള കടത്ത് വ്യാപകമാണ്. ക്വാറികളും നിർമ്മാണ മേഖലകളിലേക്കുമാണ് ഇവയെത്തുന്നത്. ബസുകൾ അടക്കമുള്ള യാത്രാവാഹനങ്ങളിലും കാനുകളിലായി ഡീസൽ കടത്തുന്നു. ജില്ലയിലെ 77 ഓളം പെട്രോൾപമ്പുകളുടെ നിലനിൽപ്പിനെപോലും ഇത് ബാധിക്കുന്നതായി ഉടമകൾ പറഞ്ഞു.
ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ പത്മനാഭന്റെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിൽ കാഞ്ഞങ്ങാട് യൂണിറ്റിലെ അസിസ്റ്റന്റ് ഇന്റലിജൻസ് ഓഫീസർ കെ എസ് സുധീഷ് കുമാർ, എം പി രതീഷ്, കെ ലാലു ലാസർ, ഇ രേഖ, പി വി മഹേഷ് കുമാർ, എസ് രാജു എന്നിവർ പങ്കെടുത്തു.

No comments