കാർഷിക സംസ്കാരത്തിന്റെ പ്രതാപകാല സ്മൃതികളുണർത്തി എരുതും മരമീടനു മടങ്ങുന്ന ഗോത്രസംഘം നാടുചുറ്റി
തായന്നൂർ: ഒരു കാലത്ത് നെൽവയലുകളാൽ സമൃദ്ധമായ തായന്നൂർ ഗ്രാമത്തിലൂടെയാണ് കുറ്റിയടുക്കം ഊരിൽ കല്ലളൻ മൂപ്പന്റെയും പ്രായത്തിൽ മുതിർന്ന കരിന്തളന്റെയും അനുഗ്രഹം നേടിയ ശേഷം അവലും മലരും പഴവും നിവേദ്യമൊരുക്കി ഗുരുകാരണവന്മാർക്ക് വച്ചു വിളമ്പിയ ശേഷം എരുതും മരമീടനും വീടുകൾ തോറും കയറിയിറങ്ങിയത്.
തുലാം പത്തിന് പുതു നെല്ല് കുത്തിയാണ് എരുതു കളിതുടങ്ങുക. എരുത് എന്ന വാക്കിന് വലിയ കാള എന്നാണർത്ഥം. മുളയും വൈക്കോലും, തുണിയും, മരത്തലയും കൊണ്ട് നിർമ്മിക്കുന്നതാണ് എടുപ്പു കാള എന്ന പ്രധാന കഥാപാത്രം. ചെണ്ടയും മണിത്താളവുമടങ്ങുന്ന വാദ്യോപകരണങ്ങളുടെ താളത്തിൽ, പാട്ടിനൊപ്പം ഓരോ വീട്ടുമുറ്റത്തും എരുത് നൃത്തം ചവിട്ടും. ആവേശത്തിന് എരിതിനൊപ്പം മരമീടനുമുണ്ടാവും. കണ്ണൂർ - കാസർഗോഡ് ജില്ലയിൽ താമസിക്കുന്ന മാവിലൻ വിഭാഗത്തിൽ പെട്ട ആദിവാസികളാണ് എരിത് കളി നടത്തുക. വീടുകളിൽ എരിതു കളി നടത്തുമ്പോൾ സമ്മാനങ്ങൾ നൽകാറുണ്ട്. ഈ വർഷം കുറ്റിയടുക്കം ഊരിലെ എരിതുകളി സംഘത്തിൽ അമ്പു, കാരിക്കുട്ടി, ചന്ദ്രൻ , രാജു ,രതീഷ് ,സുധി , രാജേഷ്, സജേഷ്, അനീഷ്, അഖിൽ തുടങ്ങിവരാണുള്ളത്.
തായന്നൂരിലെ കാട്ടുപുല്ലുകൾ പടർന്ന വയൽ വരമ്പിലൂടെ മനുഷ്യ ജീവിതത്തിൽ മനുഷ്യർക്കും മൃഗങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടെന്ന് പുതു തലമുറയെ ഓർമിപ്പിച്ചു കൊണ്ട് വീടുകൾ ലക്ഷ്യമിട്ട് എരുതുകളി സംഘം നടന്നകന്നു.
No comments