ഡോളര്‍-സ്വര്‍ണക്കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കറിനും കോടികളുടെ പിഴ ചുമത്തി കസ്റ്റംസ്
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ഡോളർ കടത്ത് കേസിലും പ്രതികൾക്ക് കോടികളുടെ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ റിപ്പോർട്ട്. രണ്ട് കേസുകളിലുമായി സ്വപ്ന സുരേഷിന് 6 കോടി 65 ലക്ഷവും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എം ശിവശങ്കർ അടക്കമുള്ള പ്രതികളുടെ അറിവോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ആർ രജേന്ദ്ര കുമാറാണ് സ്വർണ്ണക്കടത്തിലും അനുബന്ധ കേസായ ഡോളർ കടത്തിലും കോടതിയിലെ കേസിന് പുറമെ പിഴ ചുമത്തിയത്. സ്വർണ്ണക്കടത്തിൽ ആകെ 44 പ്രതികൾക്കായി 66.60 കോടി രൂപയാണ് പിഴ, ഡോളർ കടത്തിൽ 6 പ്രതികൾക്കായി നാല് കോടി അമ്പത് ലക്ഷവും പിഴയുണ്ട്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് സ്വർണ്ണക്കടത്തിൽ 6 കോടി രൂപയും ഡോളർ കടത്തിൽ 65 ലക്ഷവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിന് രണ്ട് കേസിലുമായി ഒരു കോടി 15 ലക്ഷം പിഴ ഒടുക്കണം. മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അറ്റാഷെ റാഷിദ് ഖാമിസ്, സരിത്, സന്ദീപ് നായർ, റമീസ് അടക്കമുള്ള പ്രതികൾക്കും 6 കോടി രൂപ വീതം പിഴയുണ്ട്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയ്ക്ക് ഡോളർ കടത്ത് കേസിൽ ഒരു കോടി മുപ്പത് ലക്ഷം പിഴയുണ്ട്. യൂണിടാക് എം ഡി സന്തോഷ് ഈപ്പന് ഡോളർ കടത്ത് കേസിൽ 1 കോടി രൂപയും പിഴ ചുമത്തി.
No comments