Breaking News

നേപ്പാളിൽ വീണ്ടും ഭൂകമ്പം; 3.6 തീവ്രത; വെള്ളിയാഴ്ചയിലെ ഭൂകമ്പത്തിൽ ഇതുവരെ 160 പേർ മരിച്ചതായി റിപ്പോർട്ട്




കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂകമ്പം. ഇന്ന് പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായാണ് ആദ്യം റിപ്പോർട്ട് പുറത്ത് വന്നത്. പിന്നീടാണ് മരണസംഖ്യ ഉയർന്നത്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു.

വെളളിയാഴ്ച രാത്രി 11.30 ഓടെയുണ്ടായ ഭൂചലനത്തിൽ നേപ്പാൾ ഞെട്ടിവിറച്ചപ്പോൾ ഇന്ത്യയും കുലുങ്ങി. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നേപ്പാളിലെ ജജാർകോട്ട്, റുക്കം വെസ്റ്റ് ജില്ലകളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചത്. ജനസംഖ്യ കുറഞ്ഞ മലയോര ജില്ലകളാണെങ്കിലും രാത്രിയുണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്ന് നിരവധി പേർ കുടുങ്ങിപ്പോയിരുന്നു. തകർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്ത് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുയാണ്. നേപ്പാൾ സൈന്യവും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.


മലയോര മേഖലയിലെ പല റോഡുകളും തകർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. നിരവധി കുട്ടികളും ഭൂകമ്പത്തിൽ മരിച്ചു. ആശുപത്രികൾ പരിക്കേറ്റവരെ കൊണ്ട്നിറഞ്ഞിരിക്കുകയാണ്. നേപ്പാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തിൽ അതീവദു:ഖം രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രകമ്പനം ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടു, ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. നേപ്പാളിൽ ഈ മാസം ഇത് രണ്ടാമത്തെ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ഭൂകമ്പ സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധർ മുന്നറിയിപ്പ് നല്കിയിരുന്നു.

No comments