കാഞ്ഞങ്ങാട് സ്വദേശിയുടെ 4,50,000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: ഓൺലൈൻ വഴി പ്രമുഖ ബാങ്കിൽ നിന്നും അമ്പത് ലക്ഷം രൂപ വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കാഞ്ഞങ്ങാട് സ്വദേശിയുടെ 4,50,000 രൂപ തട്ടിയെടുത്ത ഐ.ടി. വിദഗ്ധനെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി രാഹുലിനെയാണ് (28) മുംബൈയിൽ നിന്നും പിടികൂടിയത്.
മുംബൈയിൽ താന്ത്രി മേഖലയിൽ പ്രവർത്തിക്കുന്ന യുവാവ് ഓറിയന്റൽ ബാങ്കിൽ നിന്നും ലോൺ വാഗ്ദാനം നൽകി മൊബൈൽ ഫോണിൽ ഓൺലൈൻ ലിങ്ക്, കാഞ്ഞങ്ങാട് പെരിയ പുല്ലൂർ സ്വദേശിക്ക് അയച്ച് കൊടുത്താണ് തട്ടിപ്പ് നടത്തിയത്. 2020-ൽ കൊറോണ കാലത്തായിരുന്നു തട്ടിപ്പ് നടത്തിയത്. അമ്പത് ലക്ഷം രൂപ വായ്പ ശരിയാക്കി തരാൻ പ്രോസസിങ് ചാർജ്ജായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ട് വാങ്ങുകയും പിന്നീട് 50,000 രൂപയും കൂടി ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് ലോണോ കൊടുത്ത പണമോ തിരിച്ച് ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നിർദ്ദേശപ്രകാരം, ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി .ഷൈനിന്റെ നേതൃത്വത്തിൽ, എസ്. ഐ മോഹനൻ, എ.എസ്.ഐ ജോസഫ്, സിനീയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജു, രജീഷ് കൊടക്കാട് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
No comments