ഒറ്റ ദിനം പ്രവർത്തിച്ചു, ചെറുവത്തൂരിൽ പൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാല തുറക്കണം; സിഐടിയു കുത്തിയിരിപ്പ് സമരം
കാസര്‍കോട് : ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്‍റെ കുത്തിയിരിപ്പ് സമരം തുടരുന്നു. പ്രാദേശിക പ്രശ്നം മാത്രമാണെന്നും, പരിഹരിക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം പറയുമ്പോഴും ജില്ലയിലെ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സിഐടിയു സമരം തുടരുകയാണ്.
ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയില്‍ നിന്ന് മദ്യം മാറ്റുന്നത് തടയാനാണ് സിഐടിയു ചുമട്ട് തൊഴിലാളികള്‍ കാവലിരിക്കുന്നത്. ഒരു ദിവസം മാത്രം പ്രവര്‍ത്തിച്ച ശേഷം ചെറുവത്തൂരിലെ മദ്യവില്‍പ്പന ശാല നവംബര്‍ 24 നാണ് പൂട്ടിയത്. സമീപത്തെ ബാറിന് വേണ്ടി ഉന്നത ഇടപെടലിനെ തുടര്‍ന്നാണിതെന്നാണ് സിഐടിയു ആരോപണം. തങ്ങളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് സമരമെന്ന് ചുമട്ട് തൊഴിലാളികള്‍ പറയുന്നു.
കൊടികുത്തിയുള്ള ഈ കുത്തിയിരിപ്പ് സമരം ഒരാഴ്ചയായി. ജില്ലയിലെ സിപിഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂര്‍. ത്രിതല പഞ്ചായത്തുകള്‍ എല്ലാം ഭരിക്കുന്നത് സിപിഎം. സിഐടിയു സമരം നീളുമ്പോഴും പ്രശ്നം പരിഹരിക്കുമെന്ന ഒഴുക്കന്‍ മറുപടിയിലാണ് സിപിഎം ജില്ലാ നേതൃത്വം. ചെറുവത്തൂരിലെ കൊടികുത്തി സമരത്തിന് പിന്തുണയുമായി ഓട്ടോ തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമീപ പ്രദേശങ്ങളിലെ സിഐടിയു പ്രവര്‍ത്തകരും എത്തുന്നു.
No comments