സി.പി.എം. മുൻ കാസർകോട് ജില്ലാ സെക്രട്ടറിയും തലമുതിർന്ന സി.പി.എം. നേതാവുമായിരുന്ന എ.കെ.നാരായണൻ (85) അന്തരിച്ചു
തലമുതിർന്ന സി.പി.എം. നേതാവ് എ.കെ.നാരായണൻ (85) അന്തരിച്ചു. സി.പി.എം. മുൻ കാസർകോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കൺസ്യൂമർ ഫെഡ് മുൻ ചെയർമാനുമായിരുന്നു.
ബിഡിത്തൊഴിലാളിയിൽനിന്ന് തൊഴിലാളി നേതാവായി വളർന്നയാളാണ് നാരായണൻ. ഒട്ടേറെ തൊഴിൽസമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി 17 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നു. അവിഭക്ത കണ്ണൂർ ജില്ലയിലും കാസർകോട് ജില്ല രൂപവത്കരിച്ചപ്പോൾ ഇവിടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായിരുന്നു. മൂന്നുതവണ സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറിയായി. സി.ഐ.ടി.യു. കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി, ബീഡിത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ്, ദിനേശ് ബീഡി കേന്ദ്രസംഘം ഡയറക്ടർ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ഇന്ദിര. മക്കൾ: ലൈല (ഉദുമ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റൽ വാർഡൻ), അനിത (മാനേജർ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് വടകരമുക്ക് ശാഖ), ആശ (ക്ലാർക്ക്, കേരള ബാങ്ക് മാവുങ്കാൽ ശാഖ), സീമ. മരുമക്കൾ: കെ.നാരായണൻ, ജി. യദുനാഥ് (കോഴിക്കോട് ഉപഭോക്തൃ കോടതി മുൻ പ്രസിഡന്റ്), ജെ.ജൈനേന്ദ്രൻ (ഷാർജ), കെ.അശോകൻ.
തിങ്കളാഴ്ച രാവിലെ ഒൻപതിന് കാഞ്ഞങ്ങാട് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിലും 11 മണിക്ക് അതിയാമ്പൂർ ബാലബോധിനി വായനശാലയിലും പൊതുദർശനത്തിനുവെച്ചശേഷം മൃതദേഹം അതിയാമ്പൂരിലെ വീട്ടിലെത്തിക്കും. മൂന്നിന് കാഞ്ഞങ്ങാട് മേലാങ്കോട്ട് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും
No comments