Breaking News

മലയോര ഹൈവേയിലെ ചിറ്റാരിക്കൽ കാറ്റാംകവല മറ്റപള്ളി വളവിൽ കർണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു 7 പേർക്ക് പരിക്ക്


വെള്ളരിക്കുണ്ട്‌ : ശബരിമലദർശനം കഴിഞ്ഞ് വരികയായിരുന്ന കർണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മലയോരഹൈവേയിലെ കാറ്റാംകവല ഇറക്കത്തിൽ മറിഞ്ഞ്‌ ഏഴുപേർക്ക് പരിക്കേറ്റു. വലിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട്‌ ബസ് വളവിൽ റെയിൽ ഗാർഡിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. നിരവധി അപകടങ്ങൾ നടന്നിട്ടുള്ള വളവിലാണ് സംഭവം.

ശിവമോഗ സ്വദേശികളാണ് അപകടത്തിൽപ്പെട്ട അയ്യപ്പൻമാർ. 22 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ചന്ദ്രു, സതീഷ്, അരുൺ, ഷർമിള എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്ക്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ആംബുലൻസ് വരുത്തി പരിക്കേറ്റവരെ ചെറുപുഴയിലെ ആസ്പത്രിയിൽ എത്തിച്ചു.


ചിറ്റാരിക്കാൽ പോലീസും സ്ഥലത്തെത്തി. ബസ് കരിങ്കൽഭിത്തിയുടെ താഴേക്ക് മറിയാതെ രക്ഷപ്പെട്ടതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാർ. കഴിഞ്ഞ വർഷങ്ങളിൽ ഏഴുപേർ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. കുഴൽക്കിണർ ലോറി മറിഞ്ഞ് നാലുപേർ മരിച്ചത് ഇന്നും നടുക്കുന്ന ഓർമയാണ്.

No comments