Breaking News

സർവ്വീസിൽ നിന്ന് വിരമിക്കാൻ നാല് മാസം ബാക്കി ... കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസർ അറസ്റ്റിൽ


ബി.പി.എൽ കാർഡ്  എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന്  മൂന്ന് ലക്ഷം രൂപ പിഴ അടക്കാതിരിക്കാൻ 25,000രൂപ കൈക്കൂലി വാങ്ങുമ്പോൾ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. തളിപ്പറമ്പ്സപ്ലൈ ഓഫീസർ കണ്ണൂർ കാടാച്ചിറ സ്വദേശി പി.കെ.അനിലിനെ (55)യാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഓഫീസിൽ വെച്ച്പ്രതിയുടെ ബേഗിൽ നിന്നും 20,000 രൂപയും ഭാര്യയുടെയും മകൻ്റെയും ഉൾപ്പെടെ ആറ് ക്രെഡിറ്റ് കാർഡുകളും വിജിലൻസ് സംഘം പിടിച്ചെടുത്തു.

ഇരിക്കൂർ പെരുവളത്ത്പറമ്പ സ്വദേശിയായ പരാതിക്കാരന് വീട്ടിൽ സ്വന്തമായി കാറുള്ളതിൻ്റെ പേരിൽ നിലവിലെ ബി.പി.എൽ കാർഡ് എത്രയും വേഗം എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ സർക്കാരിലേക്ക് അടക്കണമെന്നും, 25,000രൂപ കൈക്കൂലി തന്നാൽ പിഴ ഒഴിവാക്കി തരാമെന്ന് വിശ്വസിപ്പിച്ച് താലൂക്ക് സപ്ലൈ ഓഫീസറായ അനിൽ കഴിഞ്ഞ മാസം 20 ന്  പരാതിക്കാരനോട് ആവശ്യപ്പെട്ടത്.  കഴിഞ്ഞ മാസം 25 ന്  താലൂക്ക് സപ്ലൈ ഓഫീസർ 10,000രൂപ ആദ്യ ഗഡുവായി കൈപ്പറ്റുകയും ചെയ്തു. പിന്നീട്  പിഴ ഒഴിവാക്കി എ.പി.എൽ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം പരാതിക്കാരന് ലഭിക്കുകയും ചെയ്തു. പുതിയ കാർഡ് കിട്ടിയ വിവരം പരാതിക്കാരൻ സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോൾ 5,000 രൂപ കൂടി കൈക്കൂലി നൽകണമെന്നും പണം ഉച്ചക്ക് ശേഷം ഓഫീസിൽ കൊണ്ടുവന്ന് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.എന്നാൽ  പരാതിക്കാരൻ ഈവിവരം കണ്ണൂർ വിജിലൻസ് ഡി.വൈ.എസ് പി. ബാബു പെരിങ്ങേത്തിനെ അറിയിക്കുകയും പിന്നാലെ വിജിലൻസ് സംഘം വേഷം മാറി ഓഫീസിലെത്തി പരാതിക്കാരനിൽ നിന്നും  5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സപ്ലൈ ഓഫീസറെ കൈയോടെ പിടികൂടുകയായിരുന്നു. സർവ്വീസിൽ നിന്ന് വിരമിക്കാൻ നാല് മാസം ബാക്കിനിൽക്കെയാണ് കൈകൂലിക്കാരൻ പിടിയിലായത്.ഭാര്യ പെരളശേരിയിലെ അധ്യാപികയും മക്കൾ രണ്ടു പേരും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ്. റേഷൻ കടകളിൽ പരിശോധനടത്താൻ എത്തിയാൽ കടയുടമകളിൽ നിന്നും നിർബന്ധപൂർവ്വം കൈക്കൂലി വാങ്ങിക്കുന്നത് ശീലമാക്കിയിരുന്ന ഉദ്യോഗസ്ഥൻ ആറ് മാസം മുമ്പാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ സേവനത്തിനെത്തിയത്.വിജിലൻസ്

അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജനുവരി 10 വരെ റിമാൻ്റു ചെയ്തു.

വിജിലൻസ് സംഘത്തിൽ  ഇൻസ്പെക്ടർ സുനിൽ കുമാർ, എസ്.ഐ.മാരായ , നിജേഷ്, എൻ.കെ.ഗിരീഷ്, ശ്രീജിത്ത്,പ്രവീൺ, രാധാകൃഷ്ണൻ,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ്,  ബാബു ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് കുമാർ, വിജിൻ, ഹൈറേഷ് എന്നിവരും ഉണ്ടായിരുന്നു.


No comments