Breaking News

സിങ്കപ്പൂർ വിസ വാഗ്ദാനം ചെയ്ത് മംഗളൂരുവിൽ ഇന്റർവ്യൂ ; പണം കിട്ടിയ ശേഷം മുങ്ങും; വിസ തട്ടിപ്പ് കേസിലെ സൂത്രധാരനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു


കാസർകോട്: സിങ്കപ്പൂർ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ, കല്ലുമല, തെക്കേക്കര സ്വദേശി വളക്കോട്ടുതറയിൽ എൻ. പ്രസാദി(55)നെയാണ് ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്ന എൻ.പ്രസാദിനെ കൊല്ലത്തുവച്ചാണ് അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാൽ, നിരത്തും തട്ട് സ്വദേശിയിൽ നിന്നു 2022 ൽ 1,75500 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. മംഗളൂരുവിൽ നടത്തിയ കൂടികാഴ്ചയ്ക്കു ശേഷം പണം കൈപ്പറ്റിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ, പണമോ നൽകിയില്ല. ഇതേതുടർന്നാണ് മാത്തുക്കുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതി ഒരുവർഷത്തിലേറെക്കാലമായി മുംബൈ, കോവളം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് കൊല്ലത്തെത്തിയത്. ഈ വിവരമറിഞ്ഞാണ് പൊലീസെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ ഹൊസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റുചെയ്തു. സിങ്കപ്പൂർ വിസ തട്ടിപ്പ് കേസിലെ രണ്ടാംപ്രതിയായ സുരേഷ് ഗോപി നാരായണനെ രണ്ടു മാസം മുമ്പ് കോയമ്പത്തൂരിൽ വച്ച് പിടികൂടിയിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടും മറ്റും ഉപയോഗിച്ചാണ് എൻ.പ്രസാദ് തട്ടിപ്പ് നടത്തിയിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

No comments