കോട്ടമല സ്കൂളിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം; നടപടി അച്ചടക്കം മുൻനിർത്തിയെന്ന് ഹൈക്കോടതി
കാഞ്ഞങ്ങാട്: സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പട്ടികവര്‍ഗ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പ്രതിയായ പ്രഥമാധ്യാപികയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. കോട്ടമല എം.ജി.എം.യു.പി സ്‌കൂള്‍ പ്രഥമാധ്യാപിക ഷെര്‍ലി ജോസഫിനാണ് ജസ്റ്റിസ് കെ. ബാബു ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അച്ചടക്കം മുന്‍നിര്‍ത്തിയാണ് അധ്യാപികയുടെ നടപടിയെന്നും കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെയല്ലെന്നും മുന്‍കൂര്‍ ജാമ്യ നല്‍കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താല്‍ വ്യവസ്ഥകളോടെ ജാമ്യം നല്‍കണമെന്നുമാണ് ഉത്തരവ്. പരസ്യമായി മുടി മുറിച്ചത് വിദ്യാര്‍ത്ഥിയുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിച്ചുവെന്നാണ് ആരോപണം. ഇതിന് പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമം ബാധകമല്ല. ജുവനൈല്‍ നിയമം ബാധകമാകുന്ന കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചിറ്റാരിക്കല്‍ പൊലീസാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് സംഭവം.
No comments