കപ്പ കർഷന്റെ കണ്ണീർ കഥ വെളളരിക്കുണ്ടിൽ കൃഷി ചെയ്ത ബിനു ജോൺ തുരുത്തേലിന്റെ 4000 ചുവട് മരച്ചീനി കൃഷി പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു
വെള്ളരിക്കുണ്ട് : കപ്പ കൃഷി ചെയ്ത കർഷകന് പറയാനുള്ളത് കണ്ണീരിന്റെ കഥ. വെസ്റ്റ് എളേരി പറമ്പ സ്വദേശി ബിനു ജോൺ തുരുത്തേൽ എന്ന യുവ കർഷകന്റെ വിളവെടുക്കാൻ പാകമായ അയ്യായിരം ചുവട് കപ്പ കൃഷിയിൽ 90 ശതമാനവും പന്നിക്കൂട്ടങ്ങൾ കടിച്ച് തിന്നും ചവുട്ടി മെതിച്ചും നശിപ്പിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടം റോഡിൽ സ്വകാര്യ വ്യക്തിയുടെ 4 ഏക്കർ ഭൂമി പാടത്തിനെടുത്ത് കൃഷിയോഗ്യമാക്കിയാണ് ബിനു കപ്പ കൃഷി തുടങ്ങിയത്. 3 ലക്ഷം രൂപ ബാങ്ക് വയ്പ എടുത്ത് തുടങ്ങിയ കൃഷി ഒരു വർഷത്തോളം ഉറക്കമൊഴിച്ച് കാവൽ കിടന്നാണ് ഈ കർഷകൻ പരിപാലിച്ച് വളർത്തിയത്. മാതാപിതാക്കളും ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന ബിനുവിന്റെ 9 അംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൃഷി. കാർഷിക രംഗത്ത് ഒട്ടേറെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള ഈ മുഴുവൻ സമയ കർഷകൻ ഒട്ടേറെ സ്വപ്നങ്ങൾ നെയ്താണ് കപ്പ കൃഷി തുടങ്ങിയത്. 5 മക്കളുടെ പഠനവും വീട്ട് ചിലവും മറ്റെല്ലാ ആവശ്യങ്ങളും കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്.
മാർക്കറ്റ് വില അനുസരിച്ച് ഏഴര ലക്ഷത്തോളം രൂപ വരവ് പ്രതീക്ഷിച്ചാണ് ബിനു വിളവെടുക്കാൻ തയ്യാറായി നിന്നത്. എന്നാൽ മകളുടെ അഡ്മിഷന്റെ ആവശ്യത്തിനായി കുറച്ച് ദിവസം പുറത്തുപോയി തിരിച്ച് വെള്ളരിക്കുണ്ടിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് ഹൃദയഭേദകമായ കാഴ്ച്ച കാണേണ്ടി വന്നത്. പന്നിക്കൂട്ടങ്ങൾ നിലംപരിശാക്കിയ കൃഷിയിടത്തിന് നിന്ന് വിലപിക്കാൻ മാത്രം വിധിക്കപ്പെട്ട ഈ കർഷകന്റെ നിസഹായവസ്ഥ നാട്ടുകാരിലും കണ്ണീരണിയിച്ചു. ലക്ഷങ്ങളുടെ കടവും ഒരു വർഷത്തെ അധ്വാനവും പാഴായ ഈ കർഷന് അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കണമെന്നത് തർക്കമില്ലാത്ത കാര്യമാണ്. അതിനായി അധികൃതർക്ക് മുന്നിൽ കണ്ണീരോടെ കൈ കൂപ്പുകയാണ് ഈ കർഷകൻ
എഴുത്ത്, ചിത്രം : ചന്ദ്രു വെള്ളരിക്കുണ്ട്
No comments