Breaking News

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ; കാസർഗോഡ് കുഡ്‌ലുവിലെ സ്കൂളിന് പ്രാദേശിക അവധി നൽകിയതിൽ നടപടിക്ക് ശുപാർശയില്ല, റിപ്പോര്‍ട്ട് കൈമാറി




കാസര്‍കോട്: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇന്നലെ കാസര്‍കോട് കുട്‍ലുവിലെ ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഡെപ്യൂട്ടി ഡയറക്ടര്‍ നന്ദികേശന്‍ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്കൂള്‍ പിടിഎ, മധൂർ ബിജെപി പ്രസിഡന്‍റ്, മധൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് സ്കൂളിന് അവധി നല്‍കിയതെന്നാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവധിക്ക് പകരം ഫെബ്രുവരി മൂന്നിന് ക്ലാസ് നടത്തുമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, അവധി നല്‍കിയ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് ശുപാര്‍ശകളൊന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല.

അവധി നല്‍കിയ സംഭവത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷം നടത്താന്‍ നിര്‍ദേശം ലഭിച്ചത്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നായിരുന്നു ഡിഇഒ ദിനേശന്‍ വിശദീകരിച്ചത്. ചട്ടവിരുദ്ധമായി അവധി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹെഡ് മാസ്റ്റര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഇന്നലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്കൂളില്‍ എത്തിയിരുന്നില്ല. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‍ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇതോടെ ഉയര്‍ന്നത്. സ്കൂളിന് പ്രാദേശിക അവധി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സ്കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

No comments