പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേരെ ബേക്കൽ പൊലീസ് പിടികൂടി
ബേക്കൽ : പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്റെ ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേരെ ബേക്കൽ പൊലീസ് കർണാടകയിലെ ഷിമോഗയിൽ നിന്നു പിടികൂടി. ബുള്ളറ്റ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷിമോഗ സ്വദേശി പുനിതും(18) സുഹൃത്തായ 16 കാരനും അറസ്റ്റിലായത്. ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായുള്ള അമ്യൂസ്മെന്റ് പാർക്കിലെ തൊഴിലാളികളായി എത്തിയതായിരുന്നു ഇരുവരും. പള്ളിക്കര പഞ്ചായത്ത് ഓഫിസിനു സമീപം 27ന് രാവിലെയാണ് കുമാരൻ ബുള്ളറ്റ് നിർത്തിയിട്ടത്. ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ തിരക്കിലായതിനാൽ രണ്ടു ദിവസം പഞ്ചായത്ത് വാഹനമാണ് ഉപയോഗിച്ചത്. 29ന് രാത്രി ബുള്ളറ്റ് എടുക്കാനായി പോയപ്പോഴാണ് ബുള്ളറ്റ് കാണാനില്ലെന്ന് മനസ്സിലായത്.
ആരെങ്കിലും മാറ്റിവെച്ചിട്ടുണ്ടോ എന്നറിയാൻ പിറ്റേന്ന് രാവിലെ പോയി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാണാത്തതിനാൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബേക്കൽ ഡിവൈഎസ്പി
സി.കെ.സുനിൽകുമാർ, ഇൻസ്പെക്ടർ യു.പി.വിപിൻ എന്നിവരുടെ നിർദേശപ്രകാരം എസ്ഐ കെ.എം.ജോൺ, എഎസ്ഐ കുഞ്ഞിക്കൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ ബാബു, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ അറസ്റ്റു ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പുനിതിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 16 കാരനെ കാസർകോട് ജുവനൈൽ കോടതിയിൽ ഹാജരാക്കി.
No comments