Breaking News

ജി യു പി സ്ക്കൂൾ ആയമ്പാറയിൽ പ്രീ സ്കൂൾ തുറന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകൃതിയുടെ മടിത്തട്ടിൽ ഒരുക്കിയ കളിയൂഞ്ഞാൽ ആകർഷണീയം


പെരിയ : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി  

ആയമ്പാറ ജി യു പി സ്കൂളിൽ നിർമിച്ച പ്രീ സ്കൂൾ, പുരാവസ്തു പുരാരേഖ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന ഗാന്ധി ദർശനം  അക്ഷരംപ്രതി നടപ്പിലാക്കിയത് കൊണ്ടാണ്  സംസ്ഥാനത്തിന് വിദ്യാഭ്യാസരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാൻ സാധിച്ചതെന്ന്  മന്ത്രി പറഞ്ഞു. ഒരു ക്ലാസ് മുറിയിൽ നിന്നാണ് ഒരു രാജ്യം ജന്മം എടുക്കുന്നത്. ക്ലാസ് മുറികളും അധ്യാപകരുമാണ് കുട്ടികളെ സൃഷ്ടിച്ച് എടുക്കുന്നത്. നല്ല ചിന്തകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ അധ്യാപകർക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 

ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളേയും മുറുകെ പിടിക്കുന്ന   വിദ്യാഭ്യാസ മേഖലയാണ് നമ്മൾ ശക്തിപ്പെടുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.


പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡിപിഒ രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാർത്യായനി കൃഷ്ണൻ, നമ്പർ ലതാ രാഘവൻ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എം സുനിൽകുമാർ, ബേക്കൽ ബിപിസി കെഎം ദിലീപ് കുമാർ, ബേക്കൽ ബിആർസി ട്രെയിനർ സനിൽകുമാർ വെള്ളുവ, പിടിഎ പ്രസിഡണ്ട് കെ മധു, എംപിടിഎ പ്രസിഡണ്ട് ശാലിനി സതീശൻ, വികസന സമിതി ചെയർമാൻ എം മോഹനൻ, പൂർവ്വ വിദ്യാർത്ഥിനി സംഘടന ചെയർമാൻ നാരായണൻ കാപൃ, സ്റ്റാഫ് സെക്രട്ടറി കെ എൻ പുഷ്പ, എസ് ആർ ജി കൺവീനർ കെ രജനി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം ദിവാകരൻ സ്വാഗതവും പ്രീ പ്രൈമറി അധ്യാപക എംകെ ബേബി ശ്രീജ നന്ദിയും പറഞ്ഞു.

പ്രകൃതിയുടെ മടിത്തട്ടിൽ ഒരു കളിയൂഞ്ഞാൽ

പ്രകൃതിയുടെ ഊഷ്മളത നിറഞ്ഞ ഉദ്യാനവും, പാർക്കും ആയമ്പാറ ജി യു പി സ്കൂളിലെ കുരുന്നുകൾക്ക് സമ്മാനിക്കുന്നത് വേറിട്ട അനുഭവമാണ്.

കുട്ടികളുടെ പഠനത്തിനൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  പ്രീ സ്‌കൂള്‍ കെട്ടിടം കളിയൂഞ്ഞാൽ നിർമ്മിച്ചിട്ടുള്ളത്.

നാല് ക്ലാസ് മുറികകൾ അടങ്ങുന്ന ഒരു ഹാളും,ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്,  ശാസ്ത്രയിടം,  കളിയിടം,  ഹരിതയിടം,  നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങളും വിദ്യാർത്ഥികളുടെ സമഗ്രഭൗതിക വളർച്ചയ്ക്കായി  വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ പരിസരവും കിണറുകളും കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ശിശു സൗഹൃദമാണ്.  പ്രീ പ്രൈമറി ക്ലാസ് മുറികളുടെ പിൻവശത്ത്

കുട്ടികൾക്കു മാത്രമല്ല നാട്ടുകാർക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജൈവവൈവിധ്യം പാർക്ക് ഒരുക്കിയിട്ടുള്ളത്

കൂടാതെ നിറയെ കളി ഉപകരണങ്ങളും

വിവിധ മാതൃകകളും, കൃത്രിമ വെള്ളച്ചാട്ടവും

ഏറുമാടവുമൊക്കെ കുട്ടികളില്‍ കൗതുകം ഉണർത്തുന്നവയാണ്.. ക്ലാസ് റൂമുകളുടെ ഭിത്തികളും പെയിന്റിംഗ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. 41.5 ലക്ഷം രൂപ ചെലവിലാണ് കളിയൂഞ്ഞാൽ ഒരുക്കിയിട്ടുള്ളത്. 10 ലക്ഷം രൂപയാണ് സ്റ്റാർസ് പദ്ധതിയ്ക്കായി അനുവദിച്ചത്.പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും, എസ് എസ് കെ മെയിൻറനൻസ് ഫണ്ട് 1.5 ലക്ഷം രൂപയും, സ്കൂൾ വികസന സമിതി 10 ലക്ഷം രൂപയും,  എൻആർഇജിഎസ് ഫണ്ട് 15 ലക്ഷം രൂപയും പദ്ധതിക്കായി ചിലവഴിച്ചു

No comments