വിദ്യാലയം ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ട് മൗക്കോട് ജിഎൽ പി സ്കൂൾ വളർച്ചയുടെ നിറവിൽ
മൗക്കോട്: ഐക്യകേരളം രൂപികൃതമാകുന്നതിനു് മുൻപ് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് മൗക്കോട് ഗവ: എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ വിദ്യാലയം ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ടിന്നടുത്തെത്തി കഴിഞ്ഞു. എൽ. കെ. കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് ഓലഷെഡിലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.
ഇന്ന് ഈ സ്ക്കൂളിന്റെ ഭൗതീക സാഹചര്യം കുറെയൊക്കെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് 1982ൽ പി.കരുണാകരൻ എം എൽ എ ആയിരുന്നപ്പോൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടത്തിനു പകരം 2019 ൽ വെസ്റ്റ്എളേരി പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം കാസർഗോഡ് വികസന പാക്കേജിൽപ്പെടുത്തി തൊണ്ണൂറ്റി എട്ടര ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം പൂർത്തീകരിച്ച് കഴിഞ്ഞു. മൂന്ന് ക്ലാസ് മുറികളും, ആവശ്യത്തിന് ടോയ് ലെറ്റുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിനിർമ്മിച്ചതാണ് പുതിയ കെട്ടിടം.
കെട്ടിടത്തിന്റെ ഉൽഘാടനം ഫെബ്രു: 20 ന് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജമോഹനന്റെ അദ്ധ്യക്ഷതയിൽ തൃക്കരിപ്പൂർ എം.എൽ.എ. എം .രാജഗോപാലൻ നിർവ്വഹിക്കും. കാസർഗോഡ് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ വി.ചന്ദ്രൻ മുഖ്യാതിഥിയാകും.
വെസ്റ്റ്എളേരി പഞ്ചായത്തിലെ ഏക അംഗീകൃത പ്രീപ്രൈമറി പ്രവർത്തിക്കുന്നത് ഈ സ്കൂളിലാണ്. പ്രിപ്രൈമറിയെ വർണ്ണാഭമായ പ്രവർത്തന ഇടങ്ങളാക്കി മാറ്റാനുള്ള
" വർണ്ണക്കൂടാര"ത്തിന്റെ പ്രവർത്തനത്തിന് എസ് എസ് കെ പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം പുരോഗമിച്ചുവരുന്നു.
പരിസ്ഥിതി മേഖലയിലും മികച്ച പ്രവർത്തനമാണ് ഈ സ്കൂൾ കാഴ്ചവെക്കുന്നത്. കെട്ടിടങ്ങളുടേയും, ഗ്രൗണ്ടിന്റെയും സ്ഥലം കഴിച്ച ബാക്കി വരുന്ന ഭൂമിയിൽ മുഴുവനായും ഹരിതവത്ക്കരണം ഭംഗിയായി നടത്തിയിട്ടുണ്ട്.
ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് യു.പി. ആയി ഉയർത്തണമെന്നതാണ് സ്കൂൾ PTA കമ്മറ്റിയുടേയും, നാട്ടുകാരുടേയും പ്രധാനആവശ്യം.
No comments