Breaking News

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടം തുടങ്ങി


പയ്യന്നൂർ :പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം തുടങ്ങി.28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ  ഭക്തർക്കുമുന്നിൽ കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തോറ്റങ്ങൾ ചുവടുകൾ വച്ചു.ഞായറാഴ്ച രാവിലെ 9.30-ഓടെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും കൊണ്ടുവന്നതോടെയാണ് കളിയാട്ടത്തിന് തുടക്കമായത്.രാവിലെ അരങ്ങിൽ അടിയന്തിരത്തിനുശേഷം കാപ്പാട്ട് ഭഗവതിയുടെയും പുള്ളിഭഗവതി, പുതിയാറമ്പൻ, വിഷ്‌ണുമൂർത്തി എന്നീ ഉപദേവതമാരുടെയും പ്രതിപുരുഷന്മാരും സ്ഥാനികരും ക്ഷേത്രം കോയ്മ തറവാടുകളിലെ പ്രതിനിധികളും മറ്റ് കഴകങ്ങളിലെ സ്ഥാനികരും സഹിതം പെരുമാൾ സന്നിധിയിലേക്ക് പുറപ്പെട്ടു. പയ്യന്നൂർ പെരുമാളെ വണങ്ങി.

ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽനിന്ന് ചങ്ങലവട്ടയിലേക്ക് ദീപം പകർന്നു. അരി, തേങ്ങ, ശർക്കര തുടങ്ങിയ കലവറയിലേക്കാവശ്യമായ വിഭവങ്ങൾ പുതിയ ചെമ്പുപാത്രത്തിലും കലവറയിൽ പ്രവേശിക്കുന്ന വാല്യക്കാർക്ക് കലശം കുളിക്കാനാവശ്യമായ തീർഥം ചെമ്പുകുടത്തിലും നൽകി.തിരിച്ച് കഴകത്തിലെത്തി ആദ്യം പ്രധാന പള്ളിയറയിലും പിന്നാലെ മറ്റു പള്ളിയറയിലും ദീപം തെളിച്ചു. തുടർന്ന് കലവറയിലെ കുഴിയടുപ്പിലും പകർന്നു.


മാർച്ച് രണ്ടിന് ഭഗവതിമാരുടെ ഉച്ചത്തോറ്റത്തോടൊപ്പവും അടുത്തദിവസം ഭഗവതിമാരുടെ തെയ്യക്കോലത്തോടൊപ്പവും മംഗലക്കുഞ്ഞുങ്ങൾ പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ക്ഷേത്രം ചുറ്റുന്ന ചടങ്ങ് നടക്കും.

മാർച്ച് മൂന്നിന് ഞായറാഴ്‌ച 12.16-നും 1.04- നും ഇടയിലുള്ള മുഹൂർത്തത്തിൽ കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി നിവരും.

No comments