Breaking News

വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കാൻ വായനാ ചലഞ്ചുമായി ഈസ്റ്റ് എളേരി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി


ചിറ്റാരിക്കാൽ: മധ്യവേനലവധിക്കാലത്ത് വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കാൻ വായനാ ചലഞ്ചൊരുക്കി ഈസ്റ്റ് എളേരി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി. ഈ മാസം 30ന് ആരംഭിച്ച് മെയ് 31ന് അവസാനിക്കുന്ന വിധത്തിലാണ് ഗോൾഡൻ, പ്ലാറ്റിനം, ഡയമണ്ട് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ രണ്ടുമാസം നീളുന്ന പുസ്തക ചലഞ്ച് നടത്തുന്നത്. ഈസ്റ്റ് എളരി പഞ്ചായത്തിലെ 13 ഗ്രന്ഥശാലകളെ കോർത്തിണക്കി നടത്തുന്ന ഈ ചലഞ്ചിൽ പുസ്തകങ്ങൾ വായിക്കുകയും അവയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി ചലഞ്ച് പൂർത്തീകരിക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. ചലഞ്ചിൽ പങ്കെടുക്കുന്നവർ എൻറെ വായന പുസ്തകം എന്ന പേരിൽ ഒരു നോട്ട്ബുക്കിൽ കുറിപ്പുകളോ ചിത്രീകരണങ്ങളോ തയ്യാറാക്കണം. ഇത്തരം കുറിപ്പുകൾ അതാത് ലൈബ്രറികളിലെ ലൈബ്രേറിയൻമാരെ കാണിച്ച് യഥാസമയം ഒപ്പു പതിപ്പിക്കേണ്ടതാണ്. ഈസ്റ്റ് എളേരിയിലെ താമസക്കാരായ വിദ്യാർഥികൾക്ക് ഈ പഞ്ചായത്തിലെ ഏതു ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് ചലഞ്ചിൽ പങ്കെടുക്കാൻ കഴിയും. 20, 30, 50 എന്നിങ്ങനെ പുസ്തകങ്ങൾ വായിച്ചാണ് മൂന്ന് വിഭാഗങ്ങളിൽ നടക്കുന്ന ചലഞ്ചിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഗ്രന്ഥശാലകൾക്കും പ്രത്യേക പുരസ്കാരം നൽകുമെന്ന് നേതൃസമിതി കൺവീനർ പി.ഡി.വിനോദ് അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 30ന് വൈകിട്ട് മൂന്ന് മണിക്ക് കമ്പല്ലൂർ സി ആർ സി ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ വച്ച് പ്രമുഖ നാടക പ്രവർത്തകൻ ഒ.പി ചന്ദ്രൻ നിർവഹിക്കും. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.ആർ ലതാഭായിയാണ് പരിപാടിയുടെ മോഡറേറ്റർ. ഫോൺ: 9446270985

No comments