Breaking News

പാലച്ചുരത്ത് പുതിയ പദ്ധതിക്കായി കുഴൽകിണർ പ്രവർത്തന രഹിതമാക്കി കുടിവെള്ളക്ഷാമം നേരിട്ട് പ്രദേശവാസികൾ


ബളാൽ: ബളാൽ പഞ്ചായത്തിലെ രണ്ടാം വാർഡ് പാലച്ചുരം തട്ടിൽ പൊതു കുടിവെള്ള സംവിധാനമായ കുഴൽ കിണർ ഹാൻ്റ് പമ്പ് പുതിയ പദ്ധതിക്ക് വേണ്ടി പ്രവർത്തന രഹിതമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. കാലങ്ങളായി ഇവിടുത്തെ ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിച്ച് കൊണ്ടിരുന്ന ബോർവെൽ ഹാൻ്റ് പമ്പായിരുന്നു ഇത്. പ്രദേശത്തെ പുതിയ അംഗനവാടിക്ക് സമീപത്ത് വാട്ടർടാങ്ക് സ്ഥാപിച്ച് അതിലേക്ക് കുഴൽകിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് ഏർപ്പാടാക്കിയ ഗ്രൗഡ് വാട്ടർ പദ്ധതിയുടെ കരാറുകാർ പ്രവർത്തിയുടെ ഭാഗമായി 5 ദിവസം മുമ്പ് കുഴൽ കിണർ അഴിച്ച് നോക്കിയിരുന്നു എന്നാൽ കുഴൽ കിണറിൻ്റെ ഹാൻ്റ് പമ്പ് അടക്കം തിരിച്ച് സെറ്റ് ചെയ്യാതെയാണ് കരാർ സംഘം പോയത്. ഹാൻ്റ് പമ്പ് ഇല്ലാത്തതിനാൽ  ബോർവെല്ലിൽ നിന്നും വെള്ളം എടുക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

ഒട്ടേറെ പട്ടിക വർഗ കുടുംബങ്ങളും എൻഡോസൾഫാൻ ബാധിത കുടുംബവും പ്രദേശത്തെ അംഗനവാടിയും ഉൾപ്പെടെ ഇരുപതോളം കുടുംബങ്ങളുടെ ഏക കുടിവെള്ള ആശ്രയമാണ് അധികൃതരുടെ അനാസ്ഥ കൊണ്ട് ഈ കൊടുംവേനലിൽ കഴിഞ്ഞ 5 ദിവസമായി നിശ്ചലമായിരിക്കുന്നത്. വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാർ. പണം കൊടുത്ത് ടാങ്കറിൽ വെള്ളമെത്തിക്കേണ്ട ഗതികേടിലാണ് കുടുംബങ്ങൾ. എത്രയും പെട്ടെന്ന് പദ്ധതി പൂർത്തീകരിക്കുകയോ അല്ലെങ്കിൽ കുഴൽകിണർ പൂർവ്വസ്ഥിതിയിൽ പ്രവർത്തന സജ്ജമാക്കുകയോ ചെയ്യണം എന്നാണ് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഒരാഴ്ച്ചക്കകം ഗ്രൗണ്ട് വാട്ടർ പ്രവർത്തി പൂർത്തീകരിക്കാൻ ആകുമെന്ന് കരാറുകാരൻ അറിയിച്ചതായി വാർഡ് മെമ്പർ പത്മാവതി പറഞ്ഞു.

No comments