Breaking News

വാഹനാപകടത്തിൽ മരണപ്പെട്ട ഡൽഹി എസ്. ഐ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു


തൃക്കരിപ്പൂർ : ഡൽഹിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡൽഹി പോലീസ് സബ് ഇൻസ്പെക്ടർ തൃക്കരിപ്പൂർ നടക്കാവിലെ എൻ. കെ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി. ഡൽഹി പട്പട് ഗഞ്ചിൽ ആശിർവാദ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പവിത്രൻ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു കിട്ടിയ മൃതദേഹം

ഡൽഹി പൊലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആന്റ് കൾച്ചറൽ സോസൈറ്റി പ്രസിഡണ്ട് പവിത്രൻ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രിയാണ് നാട്ടിൽ എത്തിച്ചത്. നടക്കാവ് നെഹൂദ തിയേറ്റേഴ്സിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വച്ച മൃതദേഹം 10 മണിയോടെ ഉദിനൂർ വാതക ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ചന്തേര എസ്. എച്ച്. ഒ ജി.പി മനുരാജ്, കാസർകോട് ഹെഡ്ക്വാർട്ടേഴ്സ് എസ്ഐ. പി. വി നാരായണൻ എന്നിവർ ഔദ്യോഗിക ബഹുമതികൾ നൽകുന്നതിന് നേതൃത്വം നൽകി. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും 1981 എസ്. എസ്. എൽ. സി ബാച്ചിലെ സഹപാഠികളും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. എൽ. ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം വി ബാലകൃഷ്ണൻ, ഡോ. വി. പി. പി മുസ്തഫ, ഇ. കുഞ്ഞിരാമൻ, കെ. വി ജനാർദ്ദനൻ, ഡി.സി.സി പ്രസിഡണ്ട് പി. കെ ഫൈസൽ, ജനറൽ സെക്രട്ടറി കെ. കെ രാജേന്ദ്രൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി. വി ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി കെ ബാവ, പി വി മുഹമ്മദ് അസ്ലം, എൻ. സി. പി. എസ് ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, സി. പി. ഐ മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ, ആർ. ജെ. ഡി ജില്ലാ പ്രസിഡണ്ട് വി. വി കൃഷ്ണൻ, ബി. ജെ. പി നേതാവ് ടി. കുഞ്ഞിരാമൻ, ടി വി ഷിബിൻ, കെ. പി. എസ്. ടി. എ സംസ്ഥാന നിർവാഹക സമിതി അംഗം ശശിധരൻ, കൊടക്കാട് നാരായണൻ, എം. വി കുഞ്ഞി കോരൻ തുടങ്ങി നിരവധി പേർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നടക്കാവിലെ പരേതരായ കെ. കുഞ്ഞമ്പുവിന്റെയും ദേവകിയുടെയും മകനാണ് പവിത്രൻ. മകൻ :കശിഷ് സഹോദരങ്ങൾ: പ്രീത (അധ്യാപിക)

ജയദിപ് (അധ്യാപകൻ) പ്രസീന, പരേതനായ പ്രദീപ്. 2016 ൽ മികച്ച പോലീസ് സേവനത്തിനുള്ള മെഡൽ നൽകി പവിത്രനെ ആദരിച്ചിരുന്നു.

No comments