റോഡിനായുള്ള കാത്തിരിപ്പിന് തീരുമാനമായില്ല : വെസ്റ്റ് എളേരി പുങ്ങംചാൽ പ്രദേശത്തെ 49 ഓളം ആളുകൾ വോട്ട് ബഹിഷ്ക്കരിച്ചു
വെള്ളരിക്കുണ്ട്: "കരുതലും കൈത്താങ്ങും" ഫലം കണ്ടില്ല. വെസ്റ്റ് എളേരി പഞ്ചായത്ത് നൽകിയ ഉറപ്പും പാഴ് വാക്കായി . വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി ഗ്രാമത്തിലെ പുങ്ങംചാൽ ദേശത്തെ 49 ഓളം ആളുകൾ ഇത്തവണ വോട്ട് ചെയ്തില്ല. എട്ട് വർഷത്തോളമായി ഇരുപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് തുടങ്ങുന്ന ഭാഗത്തെ സ്ഥല ഉടമ റോഡിന്റെ സൈഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒന്നര മീറ്റർ ആഴത്തിൽ കാന കീറുകയും സമീപവാസികൾ ചോദിച്ചപ്പോൾ സൈഡ് കെട്ടിത്തരാമെന്ന് ഉറപ്പ് നൽകുകയും പിന്നീട് കെട്ടിത്തരാതിരിക്കുകയും ചെയ്തപ്പോൾ റോഡിന്റെ ഉപഭോക്താക്കൾ പോലീസിലും, തഹസീൽദാർക്കും പരാതി നൽകുകയും ചെയ്തു . അരയ്ക്ക് താഴോട്ട് തളർന്ന് കിടക്കുന്ന മോഹനൻ്റെ ഏക ആശ്രയമായിരുന്നു ഈ വഴി. പാലിയേറ്റീവിന്റെ വാഹനം മാസത്തിൽ രണ്ട് തവണ വരുന്നതും ഇവർ ചികിത്സക്കായി കണ്ണൂരിലേക്ക് പോകുന്നതും ഈ വഴിയിലൂടെയാണ്. മഴക്കാലത്ത് റോഡ് ഇടിഞ്ഞ് പോകുന്നത് അപകട ഭീഷണി ആയപ്പോൾ ആണ് ഇതിന് പരിഹാരം കാണാൻ വേണ്ടി അദാലത്തിൽ പോയത്. മന്ത്രിയുടെ ഉത്തരവ് നടപ്പിൽ ആക്കേണ്ട തഹസീൽദാരും , വെസ്റ്റ് എളേരി പഞ്ചായത്തും ഭൂഉടമയ്ക്ക് അനുകൂല റിപ്പോർട്ടാണ് നൽകിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
No comments