Breaking News

കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് സ്ഥലംവിട്ട സംഭവം: നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ് ട്രയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ. ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. ലോക്ക് പൈലറ്റിൻ്റെ നടപടി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കത്തിൽ ആരോപിക്കുന്നു.

ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താൻ സാധിച്ചില്ല. ട്രെയിൻ കയറാനെത്തിയ യാത്രക്കാരും ഇതോടെ വലഞ്ഞു. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് കാരണം പറഞ്ഞ് ഇറങ്ങിപ്പോയെന്നാണ് വിവരം. ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണ്. ഇവിടെ ചരക്ക് ട്രെയിൻ നിര്‍ത്തി ഇട്ടതോടെ ഷൊർണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിനുകൾ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് നിര്‍ത്തിയത്.


ഗുഡ്സ് ട്രെയിനുകള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുന്ന മൂന്നാം പ്ലാറ്റ്ഫോമിലേക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ എത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ട്രാക്ക് മാറി ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം രാവിലെ പത്ത് മണിയോടെ മംഗളൂരുവില്‍ നിന്ന് പുതിയ ലോക്കോ പൈലറ്റ് എത്തിയ ശേഷമാണ് ഗുഡ്സ് ട്രെയിൻ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. അഞ്ച് മണിക്കൂറോളമാണ് ഗുഡ്സ് ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമില്‍ കിടന്നത്.

No comments